കൊല്ലം: യു.ഡി.എഫ് വേദിയിൽ വെച്ച് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റിനെ ഡി.സി.സി. ജനറൽ സെക്രട്ടറി മർദിച്ചുവെന്ന് പരാതി. ഇതേത്തുടർന്ന് ലീഗ് അംഗങ്ങൾ യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ വികസനമുരടിപ്പിനെതിരേ സംഘടിപ്പിച്ച യോഗത്തിലാണ് കോൺഗ്രസ്-ലീഗ് സംഘർഷമുണ്ടായത്.
Follow the FOURTH PILLAR LIVE channel on WhatsApp
യു.ഡി.എഫിന്റെ ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനമില്ലായ്മയിൽ പ്രതിഷേധിച്ച് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചത്.ഈ പൊതുയോഗത്തിനിടയിലാണ് ഡി.സി.സി. ജനറൽ സെക്രട്ടറി എ. ഷുഹൈബ് മുസ്‌ലിം ലീഗിന്റെ നിയോജകമണ്ഡലം പ്രസിഡന്റായ എസ്.എം.ഷെരീഫിനെ മർദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ.പ്രേമചന്ദ്രനും കോൺഗ്രസ് നേതാക്കളും ഇതു തടയാൻ ശ്രമിച്ചെങ്കിലും യോഗം അലങ്കോലപ്പെട്ടു. അവസാനം പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം എ.ഐ.സി.സി. സെക്രട്ടറി അറിവഴകനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സനുമടക്കം പരാതി നൽകി. കോൺഗ്രസ് നേതാവ് ഷുഹൈബിനെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ യു.ഡി.എഫ്. പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് ലീഗിന്റെ തീരുമാനം.