കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ വെള്ളിയാഴ്ച ആരംഭിക്കും. പ്രോസിക്യൂഷൻറെ പ്രാഥമിക വാദമാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസിന്റെ പ്രാരംഭ വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് വീണ്ടും മാറ്റിവെച്ചു.
2018 ജൂലൈ 2നാണ് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ(20) മഹാരാജാസ് കോളേജിനു മുന്നിൽ വച്ച് ക്യാംപസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കുത്തികൊലപ്പെടുത്തുന്നത്. ഇടുക്കി മൂന്നാർ വട്ടവടയിലെ തമിഴ് കർഷകരായ മനോഹാരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അഭിമന്യു.
കേരളാ പൊലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം മഹാരാജാസ് കോളേജ് ക്യാമ്പസിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ 2018 സെപ്തംബർ 26ന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ വിചാരണ അകാരണമായി നീണ്ട് പോകുന്നതിൽ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജി.മോഹൻരാജാണ് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.