ജയിലിൽ ഗ്രീഷ്മ നമ്പർ 1; ഹൈക്കോടതി കേസ് പരിഗണിക്കുംവരെ ജാമ്യമോ പരോളോ ഇല്ല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് നമ്പര്‍ 1. 2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. അതിനാല്‍ സി.1/25 എന്ന നമ്പരാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ശിക്ഷിക്കപ്പെട്ട 39 പേരെയാണ് വനിതാ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നത്. സി.39/24 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ അവസാന നമ്പര്‍. 23 പേരാണ് നിലവില്‍ ശിക്ഷിക്കപ്പെട്ട് സെല്ലുകളിലുള്ളത്.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം. കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയപ്പോഴാണ് ജാമ്യം റദ്ദാക്കി ഗ്രീഷ്മയെ വീണ്ടും ജയിലില്‍ എത്തിച്ചത്.

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മ.റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന ഗ്രീഷ്മയെ ശിക്ഷ വിധിച്ചതിനുശേഷമാണ് ഈ സെല്ലിലേക്കു മാറ്റിയത്. 4 പേരാണ് ഈ സെല്ലിലുള്ളത്.

നേരത്തേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.

ചൊവ്വാഴ്ച ജയിലിലെ ഫാര്‍മസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു. ജയിലിലെ ജോലികള്‍ തത്കാലം ഗ്രീഷ്മയ്ക്കു നല്‍കില്ല. വിഴിഞ്ഞത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റഫീഖയെയും ഇതേ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Recent Articles

Related Articles

Special