Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ദിവസത്തിൽ എപ്പോൾ ഉപയോഗിച്ചാലും വൈദ്യുതിക്ക് ഒരേ നിരക്കെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാൽ, ഈ ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. ജനുവരി 1 മുതൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടായിട്ടുണ്ട്. സന്ധ്യാനേരത്തെ വൈദ്യുതി ഉപയോഗത്തിന് ചെലവ് കൂടും. പകൽ സമയത്തെ ഉപയോഗത്തിന് ചെലവ് കുറഞ്ഞിട്ടുമുണ്ട്.
വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് കൂടിയ നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ (ടി.ഒ.ഡി.) താരിഫ് ജനുവരി 1ന് പ്രാബല്യത്തിൽ വന്നു. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടി.ഒ.ഡി. നിരക്ക് ബാധകമാകുന്നത്. കേരളത്തിൽ ഈ വിഭാഗത്തിൽ 7 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. നേരത്തേ ടി.ഒ.ഡി. മീറ്റർ ഉണ്ടായിരുന്നത് പ്രതിമാസം 500 യൂണിറ്റിലേറെ ഉപയോഗിക്കുന്ന ഉയർന്ന സ്ലാബിലുള്ളവർക്കായിരുന്നു. ഈ ഗണത്തിൽ 50,000ഓളം ഉപഭോക്താക്കളാണുള്ളത്. ഇവരും കൂടി ചേരുമ്പോൾ ടി.ഒ.ഡി. താരിഫിൽ 7.5 ലക്ഷം ഉപഭോക്താക്കളായി.
ടി.ഒ.ഡി. നിരക്ക് പ്രകാരം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിലവിലുള്ള താരിഫിൻ്റെ 90 ശതമാനം തുക നല്കിയാൽ മതിയാകും. അതായത് 10 ശതമാനം കിഴിവ്. എന്നാൽ വൈകുന്നേരം 6 മുതൽ രാത്രി 10 വരെയുള്ള ഉപയോഗത്തിന് താരിഫിൻ്റെ 125 ശതമാനം നല്കണം. അതായത് നിലവിലുള്ള നിരക്കിനൊപ്പം 25 ശതമാനം തുക കൂടി അധികം നല്കണം. രാത്രി 10 മുതൽ രാവില 6 വരെ കിഴിവോ വർദ്ധനയോ ഇല്ല. നിലവിലുള്ള താരിഫ് പ്രകാരമുള്ള അതേ നിരക്ക് -100 ശതമാനം കൊടുക്കണം.
ഉദാഹരണത്തിന് 250-300 സ്ലാബിലെ ഗാർഹിക ഉപയോക്താക്കൾക്ക് ഇപ്പോൾ യൂണിറ്റ് നിരക്ക് 6.55 രൂപയാണ്. ഇവർക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റ് നിരക്ക് 5.89 രൂപ മാത്രമാണ്. എന്നാൽ വൈകുന്നേരം 6നും രാത്രി 10നും ഇടയിലുള്ള ഉപയോഗത്തിന് 8.19 രൂപ യൂണിറ്റ് നിരക്ക് നല്കണം. രാത്രി 10 മുതൽ രാവിലെ 6 വരെ നിരക്ക് 6.55 രൂപ തന്നെ.
ഈ കണക്കുപ്രകാരം പകല്‍ സമയത്തെ ഉപയോഗവും സന്ധ്യാ സമയത്തെ ഉപയോഗവും തമ്മിൽ യൂണിറ്റ് നിരക്കിലെ വ്യത്യാസം 2.30 രൂപയാണ്. ഇത് ഉയർന്ന സ്ലാബുകളിലേക്കു പോകുന്തോറും വ്യത്യാസം കൂടും. സന്ധ്യാനേരത്തെ ഉപയോഗം കുറയ്ക്കുകയും അത് പകൽ സമയത്തേക്കു ക്രമീകരിക്കുകയും ചെയ്താൽ വൈദ്യുതി ബിൽ ലാഭിക്കാൻ ടി.ഒ.ഡി. സംവിധാനം അവസരമൊരുക്കുന്നുണ്ട്.
ബുദ്ധിപൂർവ്വം ഇൻവെർട്ടർ ഉപയോഗിക്കുന്നത് സന്ധ്യാനേരത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനു സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പകൽ വീട്ടിലുളള ഇൻവർട്ടർ ബാറ്ററി ചാർജ്ജ് ചെയ്ത് വൈകുന്നേരത്തെ പീക്ക് സമയത്ത് അതിലെ വൈദ്യുതി ഉപയോഗിച്ചാൽ വൈദ്യുതി നിരക്ക് ലാഭിക്കാം. രാത്രിയിൽ ഇൻവർട്ടർ ബാറ്ററി വീണ്ടും ചാർജ്ജ് ചെയ്യപ്പെടുന്നത് ഒഴിവാക്കണം എന്നുമുണ്ട്. ചാർജ്ജിങ്ങ് കഴിയുന്നതും പകൽ തന്നെയാകണം.
കേരളത്തിൽ വൈദ്യുതി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് വൈകുന്നേരം 6നും രാത്രി 10നും ഇടയിലാണ്. എന്നാൽ, പകൽ സമയത്തും രാത്രി വൈകിയുമുള്ള വൈദ്യുതി ഉപയോഗ തോതിൽ സമീപകാലത്ത് മാറ്റമുണ്ടായത് കെ.എസ്.ഇ.ബി. ശ്രദ്ധിച്ചു. നേരത്തേ തന്നെ ടി.ഒ.ഡി. മീറ്റർ ഉള്ള ഉയർന്ന സ്ലാബിലെ ഉപയോക്താക്കൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സാധാരണ നിരക്കായിരുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം നിരക്കിളവും നൽകി. വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നത് രാത്രിയാണെന്ന ലോഡ് കണക്കുപ്രകാരം ഇളവ് നല്കുന്ന സമയം പകലേക്കു മാറി.
സന്ധ്യാസമയത്തെ നിരക്കു കൂട്ടി വൈദ്യുതി ലോഡ് കുറയ്ക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. ഫ്രിഡ്ജ്, അലക്കുയന്ത്രം, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുൾപ്പെടെ അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ രാത്രി ഉപയോഗിക്കാതെ പകൽസമയത്തേക്ക് മാറ്റുക എന്നതാണ് നിർദേശം. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജ്ജിങ് സമയവും ഇതനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. പകൽസമയത്തെ വൈദ്യുതി ആവശ്യകത നേരിടാൻ സൗരോർജ്ജം ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ളതും പകൽ സമയത്തെ നിരക്കു കുറയ്ക്കുന്നതിലേക്കു നയിച്ചിട്ടുണ്ട്.
പുതിയതായി ടി.ഒ.ഡി. താരിഫിലേക്കു വന്നതിൽ 40,000ഓളം ഉപയോക്താക്കളുടെ മീറ്ററുകളിൽ ഈ സംവിധാനം ഏർപ്പെടുത്താൻ ബാക്കിയുണ്ട്. ഇവ ടി.ഒ.ഡി. മീറ്ററാക്കുന്നത് മാർച്ചിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ 1 മുതൽ ഈ ഗണത്തിലുള്ളവരെയും ടി.ഒ.ഡി. താരിഫിലേക്കു മാറ്റുകയാണ് ലക്ഷ്യം. ടി.ഒ.ഡി. താരിഫ് ഒഴിവാക്കാനുള്ള ഏക മാർഗ്ഗം പ്രതിമാസ ഉപയോഗം 250 യൂണിറ്റിൽ താഴെയാക്കുക എന്നതു മാത്രമാണ്. ദ്വൈമാസ ബില്ലിൽ ആദ്യമാസം ഉപയോഗം കൂടിയാൽ അടുത്ത മാസത്തിൽ കർശനമായി ഉപയോഗം കുറച്ച് ക്രമീകരിക്കുക മാത്രമാണ് വഴി.