Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലിൽ വി.ഐ.പി. പരിഗണന നൽകിയ സംഭവത്തിൽ ജയിൽ വകുപ്പിലെ മധ്യമേഖല ഡി.ഐ.ജി. പി.അജയകുമാറിനെ ശാസിച്ച് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ. ഉദ്യോഗസ്ഥ തല യോഗത്തിലായിരുന്നു ശാസന.
ജയിൽ സൂപ്രണ്ടിന്‍റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്നായിരുന്നു ഡി.ഐ.ജി. അജയകുമാറിൻ്റെ വിശദീകരണം. എന്നാൽ, സ്വകാര്യ വാഹനത്തിൽ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് ഡി.ജി.പി. യോഗത്തിൽ ചോദിച്ചു. ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്ലറ്റ് ഉപയോഗിക്കാൻ കയറിയതാണെന്നായിരുന്നു ഡി.ഐ.ജി. ഇതിന് നൽകിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡി.ഐ.ജിയെ പരസ്യമായി ശാസിച്ചു.
കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡി.ഐ.ജി. അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ജയിൽ മേധാവി ഉടനെ റിപ്പോര്‍ട്ട് നൽകും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് അടിയന്തര അന്വേഷണം ജയിൽ വകുപ്പ് ആരംഭിച്ചത്.