29 C
Trivandrum
Wednesday, February 5, 2025

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി പങ്കെടുക്കും

ദുബായ്: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ  (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. ഐ.കെ.ജി.എസിലെ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ക്ഷണം സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

യു.എ.ഇ യിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘവും മന്ത്രിക്കൊപ്പം ഉണ്ടാകും. വ്യവസായ മന്ത്രി പി.രാജീവുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയുമായ അദീബ് അഹമ്മദും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഷാർജ ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിലേക്ക് ഉന്നത തല പ്രതിനിധി സംഘത്തെ അയക്കും. ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളുമായി മന്ത്രി രാജീവ് കൂടിക്കാഴ്ച നടത്തി.

ഐ.കെ.ജി.എസിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റോഡ് ഷോ മികച്ച പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. യു.എ.ഇയിലെ പ്രമുഖ വ്യവസായികൾ, വാണിജ്യ സംഘടനകൾ, കമ്പനികൾ തുടങ്ങിയവർ റോഡ് ഷോയുടെ ഭാഗമായി. പ്രവാസി വ്യവസായികളും റോഡ് ഷോയിലും ഇൻവെസ്റ്റർ മീറ്റിലും പങ്കെടുത്തു. കേരളത്തിൽ നിക്ഷേപ താൽപര്യം സൃഷ്ടിക്കുന്നതിലും റോഡ് ഷോ വിജയിച്ചതായി മന്ത്രി രാജീവ് പറഞ്ഞു.

നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് യു.എ.ഇ. നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അബുദാബി ചേംബർ ഓഫ് കോമേഴ്സും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോർ, ഒ.എസ്.ഡി. ആനി ജൂല തോമസ്, പി.വിഷ്ണുരാജ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks