മലപ്പുറം: സാങ്കേതിക തകരാർ മിനിത്തം കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത് ആശങ്കയ്ക്കിടയാക്കി. ലാൻഡിങ് ഗിയറിന് തകരാറുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.
അടുത്തിടെ ലോകത്ത് വിവിധ ഭാഗങ്ങളിൽ തുടർച്ചയായി വിമാനാപകടങ്ങളുണ്ടായതാണ് കരിപ്പൂരിലും ആശങ്കയ്ക്കിടയാക്കിയത്. 4 ദിവസം മുമ്പ് ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചിരുന്നു.
ദുബായിൽ നിന്ന് കോഴിക്കോട്ടേക്കു വന്ന ഐ.എക്സ്.344 വിമാനത്തിലാണ് തകരാർ കണ്ടത്. ഉടനെ തന്നെ വിമാനത്താവളത്തിലേക്ക് പൈലറ്റ് വിവരം കൈമാറി. തുടർന്ന് കരിപ്പൂരിൽ വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്കി. ഇതോടൊപ്പം ആംബുലൻസ്, അഗ്നിരക്ഷാ സേന എന്നിവയടക്കം എമർജൻസി ലാൻഡിങ്ങിനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ആവശ്യമായി വന്നില്ല.
ടയറിലെ ഹൈഡ്രോളക് സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക വരം. പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായത് ഏവർക്കും ആശ്വാസമായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ആർക്കും പ്രശ്നമില്ല.