Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധർമമ്മമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെക്രട്ടറി.
ഹിന്ദുത്വവൽക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേർന്നുള്ളതല്ല സനാതനധർമം. ഇതെല്ലാം മേൽപ്പൊടി മാത്രമാണ്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാർ പറയുന്നത്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബി.ജെ.പി. ആഗ്രഹിച്ചത്. സനാതനധർമ്മത്തിന്റെ പേരിൽ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരണമുയരണം.
വർഗീയവാദികളുടെ പരസ്പര ഏറ്റുമുട്ടലിൽ ആരും ജയിക്കുകയോ തോൽക്കുകയോ ഇല്ല. ഇരുകൂട്ടരും ശക്തിപ്പെടുക മാത്രമാണ് ചെയ്യുക. ഇരുവർഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും എതിർക്കാതെ സംഘപരിവാറിനെ നേരിടുന്നതും സംഘപരിവാറിനെ എതിർക്കാതെ ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്നതും ഫലപ്രദമല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























