മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. തകര്‍ന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍ 13 പേര്‍ മരിച്ചതാ 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകീട്ട് 4 മണിയോടെ നീല്‍കമല്‍ എന്ന യാത്രാബോട്ടില്‍ 6 പേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍നിന്നു പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സ്പീഡ് ബോട്ട് കടലില്‍ സിഗ് സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂ ടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുകയുമായിരുന്നു.
സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എൻജിന്‍ അടുത്തിടെ മാറ്റുകയും പുതിയ എൻജിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്., 11 നാവികസേനാ ബോട്ടുകളും മറൈന്‍ പൊലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 4 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്ര ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അധികൃതര്‍ ഇത് പരിശോധിച്ച് വരികയാണ്.