തിരുവനന്തപുരം: ബി.എം.ഡബ്ല്യു. കാറും എ.സിയും വലിയ വീടുമൊക്കെ സ്വന്തമായുള്ളവര്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു നല്കുന്ന പ്രിതമാസം 1,600 രൂപ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് ഈ ഗണത്തിലുള്ളവരെ കണ്ടെത്തിയത്. മുസ്ലിം ലീഗാണ് കോട്ടയ്ക്കല്‍ നഗരസഭ ഭരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
സാമൂിക സുരക്ഷാ പെൻഷനിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ധനവകുപ്പ് കൂടുതൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. വൻ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദ്ദേശം നൽകി.
ധനകാര്യ പരിശോധനാ വിഭാഗം എത്തിയപ്പോള്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ ആദ്യം രേഖകള്‍ നല്കാന് വിസമ്മതിച്ചു. പെന്ഷന് സംബന്ധിച്ച തീരുമാനമെടുക്കുന്നത് നഗരസഭയാണെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന് അതില്‍ കാര്യമില്ലെന്നുമായിരുന്നു നിലപാട്. പിന്നീട് കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നഗരസഭ വഴങ്ങിയത്.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർനടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും ധന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. ബി.എം.ഡബ്ല്യു. കാർ ഉടമകൾ ഉൾപ്പെടെയുള്ളവർ പെൻഷൻ പട്ടികയിൽ ഉണ്ടെന്ന് ഈ പരിശോധനയിലാണ് കണ്ടെത്തിയത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും കണ്ടെത്തി.
ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2,000 ചതുരശ്ര അടിയിലധികം വലിപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്.
കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിർദേശം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും.അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.