കണ്ണൂര്‍: കേളകത്ത് നാടക സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് രണ്ട് നടിമാര്‍ മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസ്സി മോഹന്‍ (59), കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) എന്നിവരാണ് മരിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. കേളകം മലയാംപാടി റോഡിലെ എസ് വളവില്‍ വെച്ച് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 12 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ച രണ്ടു പേരും മുന്‍ സീറ്റിലിരുന്നവരാണ്.
കായംകുളം സ്വദേശികളായ ഉമേഷ്, ഉണ്ണി, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഡ്രൈവര്‍ ഉമേഷിന്റെ നില ഗുരുതരമാണ്.
കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി കണ്ണൂര്‍ കടന്നപ്പള്ളിയില്‍ നാടകം കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വയനാട്ടിലെ ബത്തേരിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള യാത്രയിലായിരുന്നു.
കേളകത്തു നിന്ന് നെടുമ്പൊയില്‍ ചുരം വഴി വയനാട്ടിലേക്ക് എത്താനായിരുന്നു ഇവരുടെ ശ്രമം. പക്ഷേ, നെടുമ്പൊയില്‍ ചുരത്തില്‍ മണ്ണിലിടിച്ചില്‍ ഉള്ളതിനാല്‍ ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പകുതി ദൂരം ചെന്നപ്പോഴാണ് നാടകസംഘം വിവരമറിഞ്ഞത്.
ചുരമിറങ്ങാതെ മാനന്തവാടി ഭാഗത്തേക്ക് മറ്റൊരു വഴിയുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതനുസരിച്ച് അതിലൂടെ മുന്നോട്ടു പോകുമ്പോഴാണ് ചെങ്കുത്തായ ഇറക്കവും വളവും ഒരുമിച്ചു വരുന്നിടത്തുവെച്ച് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ ബസ് ഒരു മരത്തടിയില്‍ തട്ടിയാണ് നിന്നത്.