ചേലക്കര: മലപ്പുറം ജില്ലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചു പറയുമ്പോൾ അത് ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര എൽ.ഡി.എഫ്. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 3 വർഷത്തിനിടെ 147 കിലോ സ്വർണം പിടികൂടി. അതിൽ 124 കിലോ സ്വർണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. ഇതെന്തോ മലപ്പുറം ജില്ലയ്ക്കെതിരായ നീക്കമാണോ. മലപ്പുറം ജില്ലയിൽ വെച്ച് ഇത്രയും സ്വർണം പിടികൂടിയെന്ന് പറയുമ്പോൾ കാണേണ്ട വസ്തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. അത് കുറേ ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണ്. അവിടെ പിടികൂടുമ്പോൾ ആ കണക്കിൽ സ്വാഭാവികമായിട്ട് ആ ജില്ലയിൽ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിലെന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെ തന്നെയാണെന്നും പിണറായി പറഞ്ഞു. ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായിട്ടാണ് കാണേണ്ടത്. അത് സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല. അങ്ങനെ സമുദായത്തിന്റെ പെടലിക്ക് വെക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ല. ആർ.എസ്.എസ്സും സംഘപരിവാറും ആഗ്രഹിക്കുന്നത് വർഗീയ ചേരിതിരിവുണ്ടാക്കലാണ്. അത്തരത്തിലുള്ള പ്രചരണമാണോ ഇത്തരം കാര്യങ്ങളിൽ നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസിൽ നിന്ന് വോട്ട് ചോരുകയും അത് ബി.ജെ.പി വിജയത്തിന് സഹായിക്കുകയും ചെയ്യുന്നുവെന്ന് പിണറായി ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന ആളുകൾ കൂടുന്നു. ഞാൻ തീരുമാനിച്ചാൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്ന ഒരു പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേതെന്നും പിണറായി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വോട്ടാണ് പ്രധാനമെന്ന് കണ്ട് വർഗീയതയെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്ന നിലപാട് എവിടെയെത്തുമെന്നത് അവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.