29 C
Trivandrum
Wednesday, April 30, 2025

ജെന്‍സന്‍ യാത്രയായി, ശ്രൂതി വീണ്ടും ഒറ്റയ്ക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കല്പറ്റ: ശ്രുതി വീണ്ടും ഒറ്റയ്ക്കായി. വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതു പേര്‍ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് വെള്ളാരംകുന്നില്‍ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ജെന്‍സന്റെ ജീവനെടുത്തത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജെന്‍സനും ശ്രുതിയും ഉള്‍പ്പടെ വാനിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജെന്‍സനായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. ശ്രുതിയെയും ജെന്‍സനെയും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെന്‍സനെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ജെന്‍സന് തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ കുടുംബത്തെയാകെ ദുരന്തം കവര്‍ന്നപ്പോള്‍ തനിച്ചായിപ്പോയതാണ് ശ്രുതി.പക്ഷേ അപ്പോഴും വര്‍ഷങ്ങളായി പ്രണയിച്ച് വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സന്‍ ശ്രുതിയെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. എന്നാലിപ്പോഴിതാ മരണം ജെന്‍സനെയും തട്ടിയെടുത്തു. മറ്റൊരു ആഘാതം കൂടി ഈ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന ബട്ടര്‍ഫ്‌ളൈ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെന്‍സനും ശ്രുതിയും. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു. ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തില്‍ പരിക്കേറ്റു. ഉരുള്‍പൊട്ടലില്‍ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.

അച്ഛന്‍ ശിവണ്ണന്‍, അനിയത്തി ശ്രേയ, അമ്മ സബിത എന്നിവര്‍ക്കൊപ്പം ശ്രുതി (മധ്യത്തില്‍)

ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, അനിയത്തി ശ്രേയ അടക്കമുള്ളവരെ ഉരുളെടുത്തു. വിവാഹാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. അതും ഉരുളെടുത്തു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. പത്തു വര്‍ഷമായി പ്രണയത്തിലാണ് ശ്രുതിയും ജെന്‍സനും. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.

എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്. ദുരന്തത്തിനുശേഷം ജെന്‍സനാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. താത്കാലിക പുനരധിവാസത്തില്‍ ശ്രുതി ഇപ്പോള്‍ മുണ്ടേരിയിലാണ് താമസം. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം. അപ്പോഴാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജെന്‍സനെയും തട്ടിയെടുത്തത്.

Recent Articles

Related Articles

Special

Enable Notifications OK No thanks