Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി കോഴിക്കോട്ട് പിടിയിലായി. നൂറനാട് എള്ളുംവിളയില്‍ വീട്ടില്‍ അമ്പാടിയാണ് (22) പിടിയിലായത്. കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം വെച്ചാണ് വില്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലവരും.
കോഴിക്കോട് സിറ്റി പൊലീസ് മേധാവി ടി.നാരായണന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും കസബ എസ്.ഐ. ആര്‍.ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്. ബംഗളൂരുവില്‍നിന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി എം.ഡി.എം.എ. കൊണ്ടുവന്നത്.
ലഹരിക്കെതിരായ പൊലീസ്-ഡാന്‍സാഫ് സംയുക്ത പരിശോധനയില്‍ അമ്പാടി എം.ഡി.എം.എയുമായി പിടികൂടുകയായിരുന്നു. കോഴിക്കോട് സിറ്റി നാര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി.സുരേഷിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. വാഹനങ്ങള്‍, സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായ പരിശോധയും നിരീക്ഷണവുമാണ് പൊലീസ് നടത്തുന്നത്.