കെ-ഫോൺ ഹിറ്റ്; സംസ്ഥാനത്ത് 75,810 ഉപയോക്താക്കൾ, മുന്നിൽ മലപ്പുറം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണിന് സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 ഹോം (വാണിജ്യ)കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്.

കെ-ഫോൺ ഉപയോക്താക്കളിൽ 26,966 പേരും മലബാറിലാണ്. അതിൽത്തന്നെ മലപ്പുറമാണ് സംസ്ഥാനത്ത് ഏറ്റവും മുന്നില്‍. മലപ്പുറം ജില്ലയില്‍മാത്രം 11,894 ഹോം കണക്ഷനുകളുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ കണക്ഷന്‍കൂടി പരിഗണിക്കുമ്പോള്‍ മലബാര്‍ മറ്റു ജില്ലകളിലെക്കാള്‍ ബഹുദൂരം മുന്നിലാവും.

ഈ വര്‍ഷം അവസാനമാവുന്നതോടെ കണക്ഷനുകളുടെ എണ്ണം 3 ലക്ഷം കടക്കുകയാണ് കെ-ഫോണിൻ്റെ ലക്ഷ്യം. 2024 മാര്‍ച്ചിലാണ് ഹോം കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 1 വര്‍ഷം തികയുന്നതിനുമുന്‍പ് തന്നെ കാര്യമായ നേട്ടമുണ്ടാക്കാന്‍കഴിഞ്ഞു.

കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍പറ്റുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കെ-ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തും റോഡുകളുടെ നിര്‍മാണപ്രവൃത്തി നടക്കുന്നത് കണക്ഷന്‍ നല്‍കാന്‍ തടസ്സമാവുന്നുണ്ട്. 3,693 ലോക്കല്‍ നെറ്റ്വർക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ 4,600 ആദിവാസി ഉന്നതികളിലും ഇങ്ങനെ സൗജന്യമായി കണക്ഷന്‍ എത്തിക്കുകയും കെ-ഫോണിൻ്റെ ലക്ഷ്യമാണ്. പാലക്കാട് അട്ടപ്പാടി, വയനാട് കണിയാന്പറ്റയിലെ പന്തലാടിക്കുന്ന്, തിരുവനന്തപുരം കോട്ടൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും വനഗ്രാമങ്ങളിലുമായി 500ഓളം കണക്ഷനുകള്‍ സി.എസ്.ആര്‍. ഫണ്ടിന്റെ സഹായത്തോടെ കെ-ഫോണ്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.

കെ-ഫോണിൻ്റെ https://kfon.kerala.gov.in വെബ്സൈറ്റിലൂടെയാണ് കൂടുതൽ പേരും കണക്ഷൻ എടുക്കുന്നത്. വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ കെ-ഫോണ്‍ അധികൃതര്‍ ബന്ധപ്പെടും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും കെ-ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ വഴിയും കണക്ഷന്‍ നേടാനാവും.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special