കൊച്ചി: പ്രളയകാലത്ത് തുടങ്ങി മുണ്ടക്കൈയിലടക്കം രക്ഷാപ്രവർത്തനം നടത്തിയതിന് ഹെലികോപ്റ്റർ വാടക ഇനത്തിൽ ആവശ്യപ്പെട്ട 120 കോടി രൂപ കേന്ദ്രം ഒഴിവാക്കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.ആർ.എഫ്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
മുണ്ടക്കൈ – ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്.) നിന്ന് 120 കോടി രൂപ അടിയന്തരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത്. എസ്.ഡി.ആർ.എഫ്. മാനദണ്ഡപ്രകാരം പുനരധിവാസത്തിന് ഭൂമി വാങ്ങാനും നിർമാണം നടത്താനും കഴിയില്ലെന്നും അതിനാൽ മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട്, മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം നൽകുന്ന ഫണ്ട്, ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്നുള്ള അധികസഹായം, മറ്റു ധനസ്രോതസ്സുകൾ പ്രയോജനപ്പെടുത്തൽ എന്നിവയ്ക്ക് സംസ്ഥാന സർക്കാരിന് അവസരമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കാര്യം സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സത്യവാങ്മൂലം നല്കി. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം തേടാൻ സർക്കാർ ശ്രമം തുടങ്ങിയതായും അറിയിച്ചു. രാജ്യത്തെ എം.പിമാരുടെ, ദുരന്തനിവാരണ ഫണ്ടിൽനിന്ന് വർഷം ഒരുകോടി രൂപവീതം നൽകാനാകും. എല്ലാ എം.പിമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ദുരന്ത ബാധിതരുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ പുനരധിവാസ തീരുമാനമെടുത്തതെന്ന് ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്കിയ പ്രദേശവാസി ബൈജു മാത്യൂസ് ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസ നടപടികളില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അമികസ് ക്യൂറിയെ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ വിഷയം അടുത്ത തവണ പരിഗണിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് 16ന് വീണ്ടും പരിഗണിക്കും.