29 C
Trivandrum
Wednesday, February 5, 2025

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ

കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പോണ്ടിച്ചേരിയില്‍ നിന്ന് സി.ബി.ഐ ചെന്നൈ യൂണിറ്റിൻ്റെ പിടിയിലായത്. പ്രതികളെ കൊച്ചി സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.

Follow the FOURTH PILLAR LIVE channel on WhatsApp 

2006 ഫെബ്രുവരിയിലാണ് കൊല്ലം അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കഴുത്തറുത്താണ് കൃത്യം നടത്തിയത്.

രഞ്‌ജിനിയും അയൽവാസിയായ ദിവിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മീഷനിൽ പരാതി നൽകി. കമ്മീഷൻ ദിവിൽ കമാറിനോട് ഡി.എൻ.എ. ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ള കാര്യം വ്യക്തമായത്. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയി. പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ക്രൈംബ്രാ‍ഞ്ചും പിന്നീട് സി.ബി.ഐയും കേസ് ഏറ്റെടുത്തു.

ദിവിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമാണുണ്ടായത്. 18 വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു.

ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ സി.ജെ.എം. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച സി.ബി.ഐ. കോടതിയില്‍ അപേക്ഷ നല്‍കും. അഞ്ചലില്‍ സംഭവം നടന്ന സ്ഥലത്തടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks