ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും അന്തിമ അംഗീകാരം നല്‍കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
രാജ്യസഭയില്‍ ഹാരീസ് ബീരാന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ 7നും 2024 ജൂലൈ 27നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്നും സോനോവാൾ വ്യക്തമാക്കി.
വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഖജനാവിന് 10,000 മുതല്‍ 12,000 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടാകുമെന്നും അതിനാല്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടിവില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റേത് വിവേചനപരമായ നിലപാടാണെന്നും ഈ നിലപാട് മാറ്റണമെന്നും സംസ്ഥാന തുറമുഖ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8,867 കോടിയിൽ 5,554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. ധനമന്ത്രാലയം രൂപവതകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വി.ജി.എഫ്. ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്‌തത്. ഈ തുക ലഭിക്കണമെങ്കിൽ വി.ജി.എഫ്. കേരള സർക്കാർ നെറ്റ് പ്രസന്റ് വാല്യു (എൻ.പി.വി.) അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശയിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10,000–12,000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. 2034ൽ സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് ആവശ്യം.
കേന്ദ്ര സർക്കാർ വി.ജി.എഫ്. ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തിവന്ന നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ച ഒറ്റ പദ്ധതിക്കുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വച്ചിരുന്നില്ല. കൊച്ചി മെട്രോയ്‌ക്കുവേണ്ടി വി.ജി.എഫ്. അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വി.ജി.എഫിന്റെ അടിസ്ഥാന മാനദണ്ഡത്തിന് വിരുദ്ധമാണ്.