29 C
Trivandrum
Wednesday, February 5, 2025

സിദ്ധരാമയ്യ പറഞ്ഞത് കള്ളമെന്നതിന് തെളിവ് പുറത്ത്; കെ.സിയുടെയും സതീശൻ്റെയും തന്ത്രം പാളി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ കാര്യങ്ങൾ വസതുതാവിരുദ്ധം. 100 വീടുകൾ വെച്ചു നല്കാമെന്ന് കർണാടക അറിയിച്ചിരുന്നുവെന്നും അതിന് കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നുമാണ് സിദ്ധരാമയ്യയുടെ കത്തിലുള്ളത്.

Follow the FOURTH PILLAR LIVE channel on WhatsApp 

എന്നാൽ, കർണാടക മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമെന്നു തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. വയനാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കർണാടക മഖ്യമന്ത്രിയുടെ ഓഫീസുമായി ഇവിടെ നിന്ന് ആശയവിനിമയം നടക്കുന്നുണ്ട്. കേരള സർക്കാരിനതിരായ രാഷ്ട്രീയ നീകത്തിൻ്റെ ഭാഗമായി കെ.സി.വേണുഗോപാലും വി.ഡി.സതീശനും കൂടിയാലോചിച്ചാണ് സിദ്ധരാമയ്യയെ രംഗത്തിറക്കിയതെന്ന ആരോപണം ഇതോടെ ശരിയാവുന്ന നിലയിലായിട്ടുണ്ട്.

സിദ്ധരാമയ്യ 100 വീട് നിർമിച്ചു നല്കാമെന്ന സഹായം പ്രഖ്യാപിച്ച ഉടൻതന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ പിണറായിയുടെ നിർദേശപ്രകാരം വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസിൽനിന്ന് ഫോണിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്‌ വിശദാംശങ്ങൾ സംസാരിക്കുകയും ചെയ്തു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പാണ് വയനാട്ടിൽ വിഭാവനം ചെയ്യുന്നതെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാൻ തയ്യാറാക്കി വീട് നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചു. വീടുവെച്ചു നൽകാനാണ് കർണാടക സർക്കാർ ഉദ്ദേശിക്കുന്നതെന്ന്‌ മറുപടിയും ലഭിച്ചു.

ടൗൺഷിപ്പിനുള്ള ഭൂമി ലഭ്യമായ ശേഷം തുർനടപടികൾ സ്വീകരിക്കാമെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. അതുപ്രകരം കേരള സർക്കാരിൻ്റെ ടൗൺഷിപ്പ് പദ്ധതി പരിഗണിക്കുമ്പോഴെല്ലാം അതിൻ്റെ ഭാഗമായി ക‍‌ർണാടക സ‌‍‍‌ർക്കാരിൻ്റെ 100 വീടുകൾ വരാറുണ്ട്. വസ്തുത ഇതായിരിക്കേയാണ് കേരളത്തിന്റെ മറുപടി ലഭിക്കാത്തത് വാ​ഗ്ദാനം പാലിക്കാൻ തടസ്സമാണെന്നും ഭൂമി വാങ്ങി വീട് വെച്ച് നൽകാൻ തയ്യാറെന്നും സിദ്ദരാമയ്യ പിണറായി വിജയന് കത്തയച്ചത്.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം സാരമായി ബാധിച്ചത്. മൈക്രോ പ്ലാന്‍ പ്രകാരം 1,084 കുടുംബങ്ങളിലായി 4,636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം.

ദുരന്തബാധിതരുടെ ആദ്യഘട്ട അടിയന്തര പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായതാണ്. എല്ലാ കുടുംബങ്ങളിലും സർവേ നടത്തിയാണ് മൈക്രോ പ്ലാന്‍ തയാറാക്കിയത്. വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ തയാറാക്കുന്നതിനായി നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെയാണ് നിയോഗിച്ചത്. ദുരന്ത മേഖലയിലുണ്ടായിരുന്ന കുടുംബങ്ങളിലെ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കേണ്ടതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മൈക്രോ പ്ലാന്‍ വഴി സാധിക്കും.

കുടുംബങ്ങളുടെ ആവശ്യങ്ങള്‍ സൂഷ്മതലത്തില്‍ വിലയിരുത്തി പരിഹാരം കാണും. അതിജീവന ഉപജീവന ആവശ്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കുന്ന തദ്ദേശ സ്വയംഭരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ലീഡ് ബാങ്ക്, പ്ലാനിങ്ങ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മൈക്രോ പ്ലാന്‍ പ്രവര്‍ത്തനരേഖ തയാറാക്കിയത്.

വയനാടിനെ സഹായിക്കാൻ ആരു മുന്നോട്ടുവന്നാലും അതു സ്വീകരിക്കാൻ ഇരുകൈയും നീട്ടി നില്ക്കുകയാണ് കേരള സ‍‌ർക്കാ‌ർ എന്ന വസ്തുത സിദ്ധരാമയ്യയുടെ കത്തിനെ സ്വാഭവികമായും സംശയത്തിലാക്കുന്നുണ്ട്. വയനാട് സഹായവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര അവഗണനക്കെതിരെ സർക്കാർ, രാഷ്ട്രീയ തലങ്ങളിൽ വലിയ പ്രതിഷേധം ഉയരുമ്പോഴാണ്‌ ക‍ർണാടക മുഖ്യമന്ത്രി കത്തയച്ചതെന്നതും ചർച്ചയാണ്. 100 വീട് പ്രഖ്യാപനത്തിനുശേഷം കേരള സർക്കാർ പ്രതികരിച്ചില്ല എന്ന സിദ്ധരാമയ്യയുടെ പരാതി രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന്‌ വ്യക്തമാണ്‌. കേന്ദ്രം പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസ് രക്ഷയ്ക്കെത്തുന്നുവെന്ന ആക്ഷേപമാണ്‌ പ്രധാനമായും ഉയരുന്നത്‌.

Recent Articles

Related Articles

Special

Enable Notifications OK No thanks