തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംരംഭകരുടെ ഏകോപനം ലക്ഷ്യമിട്ട് സംരംഭകസഭകൾ ആരംഭിച്ച് വ്യവസായവകുപ്പ്. 2024-25 സാമ്പത്തിക വർഷത്തിലേക്ക് കടന്ന സംരംഭക വർഷം 3.0 പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സംരംഭക സഭകൾ എന്ന ആശയം നടപ്പാക്കുക.
Follow the FOURTH PILLAR LIVE channel on WhatsApp
സംരംഭകരുടെ പ്രശ്നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കാണുന്നതിനും അവർക്കു സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി ഓരോ പഞ്ചായത്തിലും രൂപവത്കരിച്ച പുതിയ സംരംഭങ്ങളുടേയും, നേരത്തേ തന്നെ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെയും പ്രതിനിധികളും, വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കുചേരുന്ന യോഗങ്ങളാണ് സംരംഭക സഭ. തദ്ദേശീയ മേഖലകളിൽ വ്യവസായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും സംരംഭകർക്ക് പിന്തുണ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ഓരോ പഞ്ചായത്തിലും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു കൂട്ടായ്മയാണ് പ്രധാനമായും സംരംഭക സഭകളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സംരംഭക സഭയിൽ പങ്കെടുത്ത സംരംഭകരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തലത്തിൽ ശേഖരിക്കും. ഇതിലൂടെ സംരംഭകർക്ക് വ്യവസായ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറും. ലോൺ, ലൈസൻസ്, സബ്സിഡി, ഇൻഷുറൻസ് എന്നിങ്ങനെ വിവിധ സംരംഭക ആവശ്യങ്ങൾ നടപ്പാക്കാൻ പ്രാദേശിക ബാങ്കുകൾ,സേവനദാതാക്കൾ എന്നിവരുമായി സഹകരിക്കാൻ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കും. പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുക, സംരംഭകരിൽ നിന്നും സംരംഭക ആവാസവ്യവസ്ഥ ശക്തമാക്കുന്നതിന് പോളിസി രൂപീകരണത്തിന് സഹായിക്കുന്ന അഭിപ്രായ ശേഖരണം നടത്തുക, കെ-സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ എന്നിവ ലഭ്യമാക്കുവാൻ ഡെസ്‌ക് സംവിധാനം രൂപവത്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംരംഭകസഭകൾ സഹായിക്കും.
ഓരോ ജില്ലയിലും ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായ ജില്ലാ തല ഉപദേശക കമ്മറ്റിയാണ് സംരംഭക സഭയുടെ ഏകോപനം, സൂപ്പർവൈസിങ്, മോണിറ്ററിങ്, നിർവഹണം തുടങ്ങിയ ചുമതലകൾ നിയന്ത്രിക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സംരംഭക സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും പൂർണ പിന്തുണ ഉറപ്പ് വരുത്തുന്നതിനും, സഭകളോടനുബന്ധിച്ച് ജില്ലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദേശങ്ങൾ നൽകുന്നതിനുമുള്ള അധികാരം ഈ കമ്മറ്റിക്കാണ്. കൂടാതെ ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല ഏകോപന കമ്മിറ്റിയും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മോണിറ്ററിങ് കമ്മിറ്റിയും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.
2024 ഡിസംബർ 10 വരെയായി സംരംഭക വർഷം പദ്ധതിയിലൂടെ മാത്രം കേരളത്തിൽ 3,35,780 സംരംഭങ്ങൾ ആരംഭിക്കുകയും 21,450 കോടിയുടെ നിക്ഷേപങ്ങൾ കടന്നുവരികയും 7,11,870 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എം.എസ്.എം.ഇ. മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അവാർഡും സംരംഭകവർഷം പദ്ധതി നേടിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വേദിയായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ഇന്നവേഷൻ ഇൻ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പുരസ്‌കാരവും സംരംഭകവർഷത്തിന് ലഭിച്ചിരുന്നു.
4 ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കുന്ന കേരള എന്റർപ്രൈസസ് ലോൺ സ്‌കീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകൾ, ഹെൽപ് ഡെസ്‌കുകൾ, ജില്ലാതലത്തിൽ എം.എസ്.എം.ഇ. ക്ലിനിക്കുകൾ എന്നിവയെല്ലാം സംരംഭക വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളാണ്. ബുധനാഴ്ച കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ആദ്യ സംരംഭക സഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി രാജീവ് പറഞ്ഞു.