ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് ഇടതുമുന്നണിയുമായി അകന്ന് പെരുവഴിയിലായ പി.വി.അൻവർ എം.എൽ.എ. തൃണമൂൽ കോൺഗ്രസുമായി അടുക്കാനുള്ള ശ്രമത്തിൽ. യു.ഡി.എഫിൽ ഘടകകക്ഷിയാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പുതിയ വഴി തേടാൻ അൻവർ നിർബന്ധിതനായത്.
Follow the FOURTH PILLAR LIVE channel on WhatsApp
യു.ഡി.എഫിൽ പ്രത്യേകം ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി അൻവർ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെ സമീപിച്ചിരുന്നു. എന്നാൽ, അവരെല്ലാവരും അൻവറിനെ അക്ഷരാർഥത്തിൽ ആട്ടിയോടിക്കുകയായിരുന്നു. ഇതോടെ നേരെ ഡൽഹിയിലെത്തിയ അൻവർ തൃണമൂൽ എം.പിമാരുമായി ചർച്ചകളാരംഭിച്ചു. അൻവറിന്റെ ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ (ഡി.എം.കെ.) തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാക്കാനാണു ശ്രമമെങ്കിലും അത് ഏതു രീതിയിൽ വേണമെന്നതിനെക്കുറിച്ച് ധാരണയിലെത്താനായിട്ടില്ല.
ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡി.എം.കെയുമായി അൻവർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അതിനാൽത്തന്നെ അൻവറിനെ തൊട്ടില്ല. ഈ സാഹചര്യത്തിലാണ് സി.പി.എമ്മുമായി ശത്രുതയുള്ള തൃണമൂലുമായി അടുക്കാനുള്ള ശ്രമം അൻവർ നടത്തുന്നത്. കേരളത്തിൽ ഒരു എം.എൽ.എയെ കിട്ടിയാൽ ദേശീയ പാർട്ടി പദവിയെ അതു സ്വാധീനിക്കും എന്നതാണ് തൃണമൂലിനുള്ള ആകർഷണം.
സ്വതന്ത്രനായി വിജയിച്ച അൻവർ ഏതെങ്കിലും പാർട്ടിയിൽ അംഗമായാൽ അയോഗ്യത നേരിടേണ്ടിവരുമെന്നതാണ് അൻവർ നേരിടുന്ന വെല്ലുവിളി. എൽ.ഡി.എഫ്. സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽനിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഒരാൾ തുടർന്നുള്ള 5 വർഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാർട്ടിയിൽ ചേരാനോ പുതിയ പാർട്ടിയുണ്ടാക്കി അതിൽ അംഗത്വമെടുക്കാനോ മുതിർന്നാൽ അയോഗ്യതയുണ്ടാകും. ഇതു മറികടക്കാൻ അൻവർ എന്തു തന്ത്രം പയറ്റുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.