കൊച്ചി: കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ക്കൊപ്പം കടന്നു കൂടിയ കുറുവ മോഷണ സംഘത്തിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന്‍ എന്നിവരെയാണു മരട് പൊലീസ് പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ ഒമ്പത് മോഷണക്കേസുകളുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയും മണികണ്ഠനെയും പിടികൂടിയ ഞായറാഴ്ച രാത്രി തന്നെ മരട് പൊലീസ് ഇവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കു കുറുവ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണു പിടികൂടിയത്.
പറവൂരില്‍ നടന്ന മോഷണശ്രമങ്ങളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വടക്കേക്കര പൊലീസെത്തി ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. തമിഴ്‌നാട് സ്വദേശികളായ ഭാര്യമാര്‍ വഴിയാണ് ഇരുവര്‍ക്കും കുറുവ ബന്ധം. മഹേഷ് പിന്നീടു മതം മാറിയാണു ജയിംസ് എന്ന പേര് സ്വീകരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വിരലടയാളം പരിശോധിച്ചപ്പോഴാണു ഇരുവരുടെയും പേരില്‍ മോഷണക്കേസുകളുണ്ടെന്നു ബോധ്യമായത്. ശിവാനന്ദനെതിരെ ചങ്ങനാശേരി, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളിലും ജയിംസിനെതിരെ കളമശേരി, കട്ടപ്പന, തലശ്ശേരി, പനമരം എന്നിവിടങ്ങളിലും കേസുണ്ട്.