29 C
Trivandrum
Wednesday, February 5, 2025

ഇടതു രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ മാത്രം സ്വീകരിക്കുമെന്ന് എം.വി.ഗോവിന്ദന്‍

പാലക്കാട്: വ്യക്തികളല്ല, നയമാണ് പാര്‍ട്ടിക്കു പ്രധാനമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിലപാട് സ്വീകരിക്കാനാവൂ എന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരാള്‍ ഇങ്ങോട്ടു വരുന്നതോ ഇവിടെ നിന്നു പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ നിന്ന നിലപാടില്‍ നിന്നു മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ മാത്രം സ്വീകരിക്കും -അദ്ദേഹം വ്യക്തമാക്കി.

Follow the FOURTH PILLAR LIVE channel on WhatsApp 

സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ടത് നന്നായി, കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക് ചേക്കേറി. അത്രയേ ഇതില്‍ കാണാനുള്ളൂ. അതില്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവര്‍ക്ക് പലതും കാണും. അതുകൊണ്ടാണല്ലോ സ്‌നേഹത്തിന്റെ കട എന്നൊക്കെ പറയുന്നത്. നിലപാട് വ്യക്തമാക്കാത്തതിനാല്‍ അദ്ദേഹം സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും” -ഗോവിന്ദന്‍ പറഞ്ഞു.

വ്യക്തിപരമായ പ്രശ്‌നങ്ങളുള്‍പ്പെടെ വന്നതോടെയാണ് സന്ദീപ് വാര്യര്‍ ബി.ജെ.പിയുമായി ഇടഞ്ഞത്. ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം പല വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത വന്നു. സി.പി.എമ്മിനെ സംബന്ധിച്ച നയമാണ് പ്രധാനം. കോണ്‍ഗ്രസും സി.പി.ഐയും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയെന്നാണല്ലോ പറയുന്നത്. ഒരാള്‍ നിലപാട് മാറി ഇടതുപക്ഷത്തിനൊപ്പം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. ഒരാളുടെ ഭൂതകാലം മാത്രം നോക്കി പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നില്ക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഇന്നലെ വരെയുള്ള നിലപാടില്‍നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേരുന്നുവെങ്കില്‍ തള്ളിപ്പറയുന്ന സമീപനം സി.പി.എം. സ്വീകരിച്ചിട്ടില്ല. നിലപാട് വ്യക്തമാക്കിയാലേ അതനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കൂ. സരിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് അതാണ്. വ്യക്തികളല്ല, നയമാണ് പ്രധാനം -അദ്ദേഹം പറഞ്ഞു.

കൊടകര-കരുവന്നൂര്‍ ഡീല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ വേണ്ടി സന്ദീപ് ഇപ്പോള്‍ പറയുന്നതാണെന്നും ഗോവിന്ദന്‍ വിലയിരുത്തി.

Recent Articles

Related Articles

Special

Enable Notifications OK No thanks