29 C
Trivandrum
Wednesday, February 5, 2025

കൈ തരൂവെന്ന് സരിന്‍, മൈന്‍ഡ് ചെയ്യാതെ രാഹുലും ഷാഫിയും

പാലക്കാട്: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വിജയമാശംസിക്കുന്ന പതിവു കാഴ്ചകളൊക്കെ പാലക്കാട് പഴങ്കഥയാവുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി.സരിന് കൈകൊടുക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം.പിയും പോയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അതേസമയം, കഴിഞ്ഞ ദിവസം ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും സരിനും പരസ്പരം വിജയം നേരുന്നതും ചിഹ്നം പരിചയപ്പെടുത്തുന്നതും കണ്ടിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്ടെ ബി.ജെ.പി. നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരു കൂട്ടരും ഒന്നിച്ചെത്തിച്ചത്. സരിന്‍ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും കോണ്‍ഗ്രസുമായി തെറ്റിനില്ക്കുന്ന മുന്‍ ഡി.സി.സി. പ്രസിഡന്റ് നേതാവ് എ.വി.ഗോപിനാഥിന് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു.

സരിന്‍ പലതവണ രാഹുലിന്റെ പേര് വിളിച്ചു. കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിന്‍ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിന്‍, തനിക്കതില്‍ കുഴപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. ‘ഗോപിയേട്ടനും ഞാനും നില്‍ക്കുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാന്‍ അടുത്ത് നില്‍ക്കുന്നു. ഗോപിയേട്ടന്‍ ചെയ്തതും ഞാന്‍ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇല്ല എന്നായിരുന്നു മറുപടി. രാഹുല്‍ എന്നെ കണ്ടിട്ടേയില്ല’ സരിന്‍ വിശദീകരിച്ചു.

കല്യാണവേദിയിലെത്തിയ സരിന്‍ നേരിട്ട് ചെന്ന് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി.ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് ഷാഫിക്കൊപ്പം രാഹുല്‍ എത്തിയത്. ഷാഫിയും രാഹുലും എ.വി.ഗോപിനാഥിനെ അഭിവാദ്യം ചെയ്തെങ്കിലും സരിനെ കണ്ടതായി നടിച്ചില്ല.

ഈ ഘട്ടത്തിലാണ് ഒരു കൈ തന്നിട്ടുപോകൂ എന്ന് സരിന്‍ ഇരുവരോടും പറഞ്ഞത്. എന്നാല്‍ ഇത് കേള്‍ക്കാതെ അവര്‍ പോകുകയായിരുന്നു.

‘പ്രവൃത്തിയും വര്‍ത്തമാനവും തമ്മില്‍ ബന്ധവും ആത്മാര്‍ഥയുമുള്ള ആളാണ് ഞാന്‍. ചാനലുകാര്‍ക്ക് ഒരു വാര്‍ത്ത തരാന്‍വേണ്ടി അഭ്യാസം കാണിക്കുക… കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയുടെ മുന്നില്‍ പോയി വാര്‍ത്തയുണ്ടാക്കി. ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടി സാറിനെ തള്ളിപ്പറയുകയും ചെയ്തു. ഞാന്‍ കുറച്ച് ആത്മാര്‍ഥതയൊക്കെയുള്ള ആളാണ്. എനിക്കങ്ങനെ അഭ്യാസം പറ്റില്ല’ -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘ഷാഫീ, ഇപ്പുറത്തുണ്ടെന്ന് എന്നോട് പറഞ്ഞു. അപ്പുറത്തുതന്നെയുണ്ടാവണമെന്ന് ഞാന്‍ മറുപടി നല്‍കി’, എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

നേരത്തെ, പാലക്കാട് സിനിമ തിയ്യേറ്ററില്‍ വെച്ചും സമാന സാഹചര്യമുണ്ടായിരുന്നു. സിനിമ കാണാനെത്തിയ ഇരുവരും തമ്മില്‍ മുഖത്തുനോക്കാന്‍ പോലും തയ്യാറായില്ല.

Recent Articles

Related Articles

Special

Enable Notifications OK No thanks