Follow the FOURTH PILLAR LIVE channel on WhatsApp
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇത്രയും കാലം പ്രതിഭാഗത്തിനു വേണ്ടി വാദം നിരത്തിയ അഭിഭാഷകൻ ഇനി വാദിയായ സര്‍ക്കാർ വക്കീലിൻ്റെ വേഷമണിയും. നിയമ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ തന്നെയാണ് ഇതിനുള്ള നടപടികൾ സ്വീകരിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ അഡ്വ.കെ.ബി.പ്രദീപിനെ ഹൈക്കോടതിയിൽ സ്പെഷൽ ഗവ. പ്ലീഡറായി നിയമിച്ചു. പ്രദീപടക്കം 3 സ്പെഷൽ ഗവ. പ്ലീഡർമാരെയും 17 സീനിയർ ഗവ. പ്ലീഡർമാരെയും 19 ഗവ. പ്ലീഡർമാരെയും നിയമിക്കുന്ന ഉത്തരവ് പുറത്തിറങ്ങി. അഡ്വ.പി.കെ.സജീവൻ, അഡ്വ.പി.കെ.ശാന്തമ്മ എന്നിവരാണ് മറ്റു സ്പെഷൽ ഗവ. പ്ലീഡർമാർ.
എൽ.ഡി.എഫ്. സർക്കാര്‍ നിയമിച്ച 18 സീനിയര്‍ ഗവ. പ്രീഡർമാരെയും 20 ഗവ. പ്ലീഡർമാരെയും ഉടനെ പിരിച്ചുവിട്ടിട്ടാണ് പുതിയ നിയമനം. ഇവർക്ക് ഒരു മാസത്തെ നോട്ടീസ് നല്കാത്തതിനാൽ പകരം ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും ഉത്തരവിൽ പറയുന്നു.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രശസ്തനാണ് അഡ്വ.പ്രദീപ്. ഇതു കണക്കിലെടുത്താണ് സ്വർണ്ണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് അദ്ദേഹത്തെ അഭിഭാഷകനാക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ അഭിഭാഷകനായുള്ള അദ്ദേഹത്തിൻ്റെ നിയമനം ശ്രദ്ധിക്കപ്പെടുന്നത്. കോൺഗ്രസിൻ്റെയും മുഖ്യമന്ത്രിയുടെയും ഇക്കാര്യത്തിലുള്ള താല്പര്യം സംശയമുനയിലാവുന്നതും അതിനാൽത്തന്നെ.
പ്രദീപിൻ്റെ നിയമനത്തിൽ തനിക്കൊരു ഉത്തരവാദിത്വവുമില്ലെന്ന് ദേവസ്വ മന്ത്രി കെ.മുരളീധരൻ പറഞ്ഞുകഴിഞ്ഞു. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും പറഞ്ഞ മുരളി നിയമനക്കാര്യത്തിൽ താന്‍ ഇടപെടില്ലെന്നും വ്യക്തമാക്കി. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി ചോദിച്ചു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.





















