മാധ്യമ ‘വിലക്കി’ൽ നിന്ന് മാധ്യമ ‘നിയന്ത്രണ’ത്തിലേക്കുള്ള ദൂരം

Follow the FOURTH PILLAR LIVE channel on WhatsApp 

സെക്രട്ടേറിയറ്റിലെ മാധ്യമ ‘നിയന്ത്രണം’ ആണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ച. പക്ഷേ അതേ സാധനം ഒരു മാസം മുമ്പ് വരെ മാധ്യമ ‘വിലക്ക്’ ആയിരുന്നു. ഭരണകക്ഷി മാറിയതോടെ മലയാള മാധ്യമ നിഘണ്ടുവിൽ ചില വാക്കുകളുടെ അർത്ഥവും മാറിയിട്ടുണ്ട്. വിലക്ക് നിയന്ത്രണമായി, നിയന്ത്രണം ക്രമീകരണമായി, ക്രമീകരണം ജനാധിപത്യമായി ഉയർത്തപ്പെട്ടിരിക്കുന്നു.

യു.ഡി.എഫ്. അധികാരത്തിലെത്തിയ ശേഷം സംഭവിച്ച അത്ഭുതങ്ങളിൽ ഇതും ഒന്ന് മാത്രം. എൽ.ഡി.എഫ്. കാലത്ത് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കൽ ആയിരുന്നത് യു.ഡി.എഫ്. വന്നപ്പോൾ അറ്റകുറ്റപ്പണി മാത്രമായി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ പെട്ടെന്ന് പൊലീസിൻ്റേതായി. സർക്കാർ ആശുപത്രിയിൽ ചികിത്സാപ്പിഴവ് സംഭവിച്ചാൽ മുമ്പ് ‘ഭരണപരാജയം’, ഇപ്പോൾ ‘സാധാരണ സംഭവം’. കാട്ടാനയുടെ ആക്രമണവും ജീവനാശവും ഇതുപോലെ തന്നെ. ജനാധിപത്യത്തിൽ മാറ്റം സ്വാഭാവികമാണ്; വാർത്തയുടെ വ്യാഖ്യാനവും അതിനൊപ്പം മാറും.

പിണറായി വിജയൻ മാധ്യമങ്ങൾക്കും ചില പ്രത്യേക വിഭാഗങ്ങൾക്കും എങ്ങനെ അനഭിമതനായി മാറി എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതേ കഥയിൽ ഒളിഞ്ഞിരിക്കുന്നു. സെക്രട്ടേറിയറ്റിലെ ‘നിയന്ത്രണം’ എന്ന വിഷയം വെച്ചു നോക്കിയാൽ തന്നെ ഇതു പെട്ടെന്ന് മനസ്സിലാവും. 10 വർഷത്തെ ‘നോ എൻട്രി’ക്ക് ശേഷം വി.ഡി.സതീശൻ സർക്കാർ ‘തുറന്നുകൊടുത്ത’ സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റും മാധ്യമപ്രവർത്തകർക്കും സന്ദർശകർക്കും അനുവദിക്കപ്പെട്ട അതിരുകളില്ലാത്ത പ്രവേശന, സന്ദർശന സ്വാതന്ത്ര്യവും കൃത്യം 10 ദിവസത്തിനുള്ളിൽ ദിവസം കഴിഞ്ഞപ്പോഴേക്കും പഴയ ഫയലിൽ തിരിച്ചുവെച്ച് അലമാരയിൽ പൂട്ടി. തുറന്നിടൽ വാർത്തകളിൽ കൊട്ടിഗ്ഘോഷിക്കപ്പെട്ടതു പോലെ ഇല്ലെങ്കിലും അടച്ചിടലും വാർത്തയായി. പക്ഷേ, അപ്പോഴും പിണറായിക്കാലവുമായി താരതമ്യം ചെയ്ത് സമീകരിക്കപ്പെട്ടു. ഇത്തവണ അത് ‘അനിവാര്യ നിയന്ത്രണം’ ആയിരുന്നു.

സെക്രട്ടേറിയറ്റ് നോ‍‌ർത്ത് ഗേറ്റ് വീണ്ടും അടച്ചുപൂട്ടിയപ്പോൾ

ഇതിന് ന്യായീകരണവും ഉടൻ എത്തി. ‘ഒരു പാടാളുകൾ കയറിയിറങ്ങി ഭയങ്കര ബഹളമാണ്.. ദൈനം ദിന പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുന്നു. ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണ്’ എന്നായിരുന്നു വിശദീകരണം. കേട്ടപ്പോൾ പലർക്കും ഒരു ഡെജാവു തോന്നിയിരിക്കണം. കാരണം ഇതേ കാരണത്താലാണ് പിണറായി വിജയനും നിയന്ത്രണം കൊണ്ടുവന്നത്. പക്ഷേ, ഒരേ പ്രവൃത്തി ചെയ്യുന്നവരിൽ ഒരാൾ ഏകാധിപതിയും മറ്റെയാൾ ഭരണനിപുണനും ആകുന്നത് നമ്മുടെ രാഷ്ട്രീയ ശാസ്ത്രത്തിലെ അത്യപൂർവ സിദ്ധാന്തമാണ്.

യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നതിൻ്റെ അവസാന കാലത്തു തന്നെ സെക്രട്ടേറിയറ്റിൽ മാധ്യമവിലക്കിനുള്ള നടപടി തുടങ്ങിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന പി.ആർ.ഡി. മന്ത്രി കെ.സി.ജോസഫിൻ്റെ നേതൃത്വത്തിലായിരുന്ന നീക്കങ്ങൾ. ആ സ‌ർക്കാരിൻ്റെ അവസാനകാലത്തു പൊട്ടിപ്പുറപ്പെട്ട സോളാർ കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ തന്നെ കാരണം.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലം സെക്രട്ടേറിയറ്റും ക്ലിഫ് ഹൗസും ഒരുതരം ഉത്സവപ്പറമ്പായിരുന്നു. ശുപാർശക്കാരും ഇടനിലക്കാരും വ്യവസായികളും അബ്കാരിമാരും ഏജൻ്റുമാരും പൊതുജനങ്ങളും ചേർന്ന് ഒരു സ്ഥിരം മേള. വിവാദനായകന്മാരും നായികമാരും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വകുപ്പ് ഉദ്യോഗസ്ഥരെയും ഓഫിസുകളിലും വസതിയിലും കാണാൻ വന്നു കൊണ്ടേയിരുന്നു. ഇങ്ങനെ ഇവരെയൊക്കെ കാണാൻ വരുന്നവർ അപേക്ഷയോടൊപ്പം താറാവും കോഴിയും മീനും മറ്റ് കാഴ്ചവസ്തുക്കളും കൊണ്ടുവന്നിരുന്നുവെന്നാണ് കേൾവി. ആ‍ർക്കുവേണ്ടിയാണോ കാഴ്ചവസ്തുക്കൾ കൊണ്ടുവന്നത് അവർ ഇതൊന്നും അറിയുന്നുപോലുമുണ്ടാവില്ല. ഇടയ്ക്കുനില്ക്കുന്നവർക്ക് കുശാൽ. ജനാധിപത്യത്തിൻ്റെ തത്സമയ പതിപ്പ് തന്നെ. ചിലർ അപേക്ഷ നൽകി പോകും, ചിലർ അപേക്ഷയ്ക്കൊപ്പം അത്താഴത്തിനുള്ള സാധനവും നൽകി പോകും.

2016ൽ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ ഈ ‘സാംസ്കാരിക പൈതൃകത്തെ’ സംരക്ഷിക്കാതെ നേരെ വെട്ടിച്ചുരുക്കി. സെക്രട്ടേറിയറ്റും ക്ലിഫ് ഹൗസും പെട്ടെന്ന് ശാന്തമായി. ഇടനിലക്കാരുടെയും സ്ഥിരം സന്ദർശകരുടെയും പോക്കുവരവ് കുറഞ്ഞു. ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണ് കാര്യങ്ങൾ നടക്കേണ്ടതെന്ന നിർബന്ധം വന്നു. ഇതോടെ വർഷങ്ങളായി ‘ബന്ധങ്ങൾ’ ഉപയോഗിച്ച് കാര്യങ്ങൾ നടത്തിയിരുന്ന ഒരു വിഭാഗത്തിന് -ഇതിൽ ചില മാധ്യമപ്രവ‍ർത്തകരും ഉൾപ്പെടുന്നു -വലിയ ബുദ്ധിമുട്ടായി. സ്വാഭാവികമായും അവർക്ക് അത് ജനാധിപത്യത്തിൻ്റെ തകർച്ചയായി തോന്നി.

അതേസമയം പരാതികൾക്കും അപേക്ഷകൾക്കും ചികിത്സാ സഹായങ്ങൾക്കും ദുരിതാശ്വാസ നിധിക്കും അനുമതികൾക്കും മറ്റും കൂടുതൽ സുതാര്യമായ നടപടിക്രമങ്ങൾ നിലവിൽ വന്നു. നേരിൽ കയറി കാണാതെ കാര്യങ്ങൾ നടക്കാൻ തുടങ്ങി. പ്രശ്നം അവിടെയാണ്. നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ പലർക്കും കാര്യങ്ങൾ നടക്കുന്നത് കാണുന്നതിനെക്കാൾ ‘തങ്ങളെക്കൊണ്ട്’ കാര്യങ്ങൾ നടത്തുന്നതാണ് ഇഷ്ടം.

പിണറായിയുടെ കാലത്ത് നേതാക്കൾ അപ്രാപ്യരാണെന്ന പരാതി വ്യാപകമായിരുന്നു. ശരിയാണ്. പലർക്കും മുഖ്യമന്ത്രിയുടെ മുറിയിലേക്ക് നേരെ കയറി ചായ കുടിച്ച് കാര്യം പറയാൻ കഴിഞ്ഞില്ല. പക്ഷേ അതോടൊപ്പം പലർക്കും മറ്റുള്ളവരുടെ കാര്യം തടയാനും കഴിഞ്ഞില്ല. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ പ്രത്യേക പരിഗണന ലഭിക്കാത്തതിൻ്റെ വിഷമം പല ഇടതുപക്ഷക്കാരും ഇന്നും പറയാറുണ്ട്. അതും ശരിയാണ്.

ഇപ്പോൾ വീണ്ടും പഴയ ലോകത്തിൻ്റെ ചെറിയ ചെറിയ അടയാളങ്ങൾ മടങ്ങിവരുന്നു. ഒരു കാര്യം ആരാണ് ചെയ്യുന്നത് എന്നതനുസരിച്ച് അർത്ഥം മാറും എന്നു മാത്രം. എൽ.ഡി.എഫ്. കാലത്ത് നിഷിദ്ധമായി മുദ്രകുത്തപ്പെട്ടത് പെട്ടെന്ന് ഇപ്പോൾ സ്വീകാര്യമായി മാറിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ അനുഗ്രഹവും പി.എം. ശ്രീ പദ്ധതിയുമെല്ലാം ഈ ഗണത്തിൽപ്പെടും. മോടിപിടിപ്പിക്കൽ അറ്റകുറ്റപ്പണിയാകുന്നതുപോലെയുള്ള ജാലവിദ്യകളും കാണാം. മലയാള മാധ്യമ രാഷ്ട്രീയ നിഘണ്ടുവിലെ ഏറ്റവും വലിയ അത്ഭുതം അതുതന്നെയാണ്.

എന്തായാലും ഒരു കാര്യം സമ്മതിക്കണം. പിണറായി വിജയൻ ഭരണരീതിയിൽ വരുത്തിയ ഈ മാറ്റങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ട്. കാരണം ഈ നാട്ടിൽ പലർക്കും അഴിമതിയെക്കാൾ അപകടകാരിയായത് ക്രമമാണ്; ശുപാർശയെക്കാൾ ഭീകരമായത് നടപടിക്രമമാണ്; വിലക്കിനെക്കാൾ അസഹനീയമായത് എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്നതാണ്.

Recent Articles

Related Articles

Special