Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നും സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫെയ്സ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ഈശ്വറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.



























