29 C
Trivandrum
Sunday, January 25, 2026

രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷമെന്ന് അതിജീവിത.

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രാഹുലിനെതിരായ അതിജീവിതയുടെ മൊഴിയിലെ പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് സൂചന. ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് രാഹുലുമായി ബന്ധം സ്ഥാപിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കൊടുത്ത മൊഴിയിൽ പറയുന്നു.

രാഹുലിൻറെ ജാമ്യ ഹർജിയിലെ വാദങ്ങളെ പൊളിക്കാനാണ് ഇത്തരമൊരു മൊഴി നൽകിയതെന്ന വാദവും ഉയർന്നിട്ടുണ്ട്. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും മൊഴിയിലുണ്ട്. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ.

അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിന്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ അന്വേഷണ സംഘം ഇന്ന് യുവതി ഗർഭിണിയായിരുന്ന സമയത്ത് പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കും. ഡോക്ടറുടെ മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് സൂചന.

അതേസമയം മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ പാലക്കാട് ജില്ല വിട്ട് പുറത്ത് പോകരുതെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. എംഎൽഎയുടെ ഓദ്യോഗിക വാഹനം താമസിക്കുന്ന ഫ്‌ളാറ്റിലുണ്ട്. എം.എൽ.എയുടെ ഡ്രൈവറും പേഴ്‌സണൽ അസി. ഫസലും പാലക്കാടുണ്ട്. ഫസലിൻറെ ഫോൺ വ്യാഴാഴ്ച വൈകീട്ട് മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ രാവിലെ മുതൽ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലുണ്ട്. ഇതിനിടെയാണ് രാഹുൽ തലസ്ഥാനത്തെത്തി വക്കാലത്ത് ഒപ്പിട്ടത്. അതിന് ശേഷവും രാഹുലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Recent Articles

Related Articles

Special

Enable Notifications OK No thanks