29 C
Trivandrum
Saturday, April 26, 2025

ചരിത്രം ബാക്കിയാക്കി എം.ജി.എസ്. മടങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9.52നു കോഴിക്കോട് മലാപ്പറമ്പിലെ വീടായ മൈത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ മെംബർ സെക്രട്ടറിയും ചെയർമാനും ആയി പ്രവർത്തിച്ചിട്ടുണ്ട്.

ചരിത്രഗവേഷണത്തിലും അവതരണത്തിലും തൻ്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിൻ്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എം.ജി.എസ്. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തൻ്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടി കാട്ടാതിരുന്ന അദ്ദേഹത്തിൻ്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ.പി.കെ ഗോവിന്ദ മേനോൻ്റയും മകനായി 1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്.നാരായണൻ ജനിച്ചത്. പരപ്പനങ്ങാടി ബി.ഇ.എം. സ്കൂൾ, പൊന്നാനി എ.വി. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഇൻ്റർമീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജിൽ ബി.എ. ഇക്കണോമിക്സ് പഠിക്കാൻ ചേർന്നെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് തൃശൂർ കേരളവർമ കോളജിലേക്കു മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എം.എ. ഇംഗ്ലിഷ് പഠിക്കാൻ പോയി. പക്ഷേ, പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിൻ്റെ വഴിയിലേക്ക് എം.ജി.എസ്. തിരിഞ്ഞത്. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം 22ാം വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

28ാം വയസ്സില്‍ യു.ജി.സി. ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി 9 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ പെരുമാൾസ് ഓഫ് കേരള എന്ന ഗവേഷണപ്രബന്ധത്തിന് പി.എച്ച്.ഡി. ലഭിച്ചു. നീണ്ട 12 വര്‍ഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തില്‍ അച്ചടിക്കുന്നത് പിന്നെയും 20 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എം.ജി.എസ്. ശിലാരേഖപഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. പഴയലിപികളും ഭാഷകളിലും എം.ജി.എസ്. പ്രാവീണ്യം നേടുന്നത് പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സഹായത്തിലാണ്.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എം.ജി.എസ്. പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗൺസിലുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയൻ്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡിസിൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഓഫ് മോസ്കോ, ലെനിൻഗ്രാഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയൻ്റൽ സ്റ്റ‍ഡീസ് എന്നിവടങ്ങളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റ‍ിഡിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലാംഗ്വജ്സ് ആൻഡ് കൾച്ചേഴ്സിൽ പ്രഫസർ എമരിറ്റസ്, മഹാത്മാഗാന്ധി സർവകലാശാല, മാംഗ്ലൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആർട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു.

കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എം.ജി.എസ്. പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. അനേകം ബിരുദാനന്തരഗവേഷണപദ്ധതികള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി 200ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിൻ്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു.

ചരിത്ര ലേഖനങ്ങള്‍ക്കുപുറമേ കവിതയും ഇഷ്ടമേഖലയായിരുന്നു. ഹൈസ്കൂൾ പഠനകാലത്തു കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താൻ വരയ്ക്കുന്നതു നിർത്തിയതെന്ന് എം.ജി.എസ്. പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. കവിതയ്ക്ക് ധാരാളം സമ്മാനം കിട്ടിയിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘പൊന്നാനിക്കളരി’യിൽ എം.ജി.എസ്. അംഗമായി. ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തിൽ എഴുതിത്തെളിഞ്ഞു. എം.ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്‌.എം. മുറ്റായിൽ, എസ്‌.എം. നെടുവ എന്നീ പേരുകളിൽ കവിതകൾ അച്ചടിച്ചുവന്നിട്ടുണ്ട്.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിൻ്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിൻ്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിൻ്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ജാലകങ്ങള്‍ക്ക് 2019ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

പ്രേമലതയാണ് എം.ജി.എസിൻ്റെ ഭാര്യ. വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ എൻ.വിജയകുമാർ, ബംഗളൂരുവിൽ നർത്തകിയും മോഹിനിയാട്ടം ഗവേഷകയുമായ എൻ.വിനയ എന്നിവർ മക്കൾ. മരുമക്കൾ: ദുർഗ വിജയകുമാർ (യു.എസ്.എ.), മനോജ് (സോഫ്ട്വെയർ എൻജിനീയർ, ബംഗളുരു). സഹോദരങ്ങൾ: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കർ.

Recent Articles

Related Articles

Special

Enable Notifications OK No thanks