Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.
ഫവാദ് ഖാനും വാണി കപൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന അബിർ ഗുലാൽ മേയ് 9ന് പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിന്നാലെയാണ് ജനവികാരം മനസിലാക്കി പ്രദർശനാനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ മഹാരാഷ്ട്ര നവനിർമാൺ സേന എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ബാൻ അബിർ ഗുലാൽ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു.
കേന്ദ്ര സർക്കാരിനു പുറമെ വിതരണക്കാരും അബിർ ഗുലാൽ രാജ്യത്ത് പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനി കലാകാരന്മാർക്ക് ഇന്ത്യൻ സിനിമ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു.