Follow the FOURTH PILLAR LIVE channel on WhatsApp
പുണെ: ഒരേിടവേളയ്‌ക്കു ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം പുണെയിൽ പുരോഗമിക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ ഭാഗങ്ങൾ പൂർത്തിയാക്കിയാണ് പുണെയിലേക്കു നീങ്ങിയത്.
പുണെയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ കൈകാരയം ചെയ്യുന്നതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത്. ചെന്നൈയും പൊള്ളാച്ചിയും ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങളുടെ പശ്ചാത്തലങ്ങളായിട്ടുണ്ട്.
മുംബൈയിൽ നിരവധി മലയാള സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പുണെയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമായാണ്. എമ്പുരാൻ്റെ റിലീസിന് ശേഷമാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പുണെ ഷെഡ്യൂൾ ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പുണെയിലെ ചിത്രീകരണം.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത തുടങ്ങിയവർ പുണെയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഖിൽ സത്യൻ്റേതാണ് കഥ. നവാഗതനായ ടി.പി.സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകറിൻ്റേതാണ് ഈണം.
കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് – പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, പ്രൊഡക്ഷൻ മാനേജർ – ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്, പി.ആർ.ഒ.- വാഴൂർ ജോസ്.