Follow the FOURTH PILLAR LIVE channel on WhatsApp
ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണിയുടെ മുന്നേറ്റം. 86 ശതമാനം വോട്ടാണ് 59കാരനായ മാര്‍ക്ക് കാര്‍ണി നേടിയത്. ഒക്ടോബര്‍ 20 ന് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാർണിയുടെ കാലാവധി.
ലിബറൽ പാർട്ടിയിലെ നേതൃമാറ്റം ഇന്ത്യ ആകാംക്ഷയോടെയാണ് കാണുന്നത്. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പേരിൽ വാർത്തയിൽ നിറഞ്ഞ ട്രൂഡോ സ്ഥാനമൊഴിയുന്നത് കാനഡയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. എന്നാൽ, കാർണിയുടെ വിദേശനയം ഏതു തരത്തിലുള്ളതായിരിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല.
ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നീണ്ട 9 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പൊതുസമ്മതി വന്‍തോതില്‍ ഇടിഞ്ഞതോട് കൂടിയായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ രാജി. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ പെട്ടന്ന് ഒരു തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണര്‍ ആണ് കാർണി. ആദ്യമായാണ് രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാള്‍ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് .
യു.എസ്. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാൻ തനിക്ക് കഴിയുമെന്ന് കാര്‍ണി പറഞ്ഞു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കെമെന്നും അദ്ദേഹം വ്യക്തമാക്കി.