Follow the FOURTH PILLAR LIVE channel on WhatsApp
കാലിഫോർണിയ: ജനപ്രിയ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ച മാറ്റങ്ങൾ വമ്പൻ ഹിറ്റ്. ദൈർഘ്യം കൂടിയ റീലുകൾ, മാറിയ പ്രൊഫൈൽ ഗ്രിഡ്, എഡിറ്റ്സ് തുടങ്ങിയ മാറ്റങ്ങളാണ് അടുത്തിടെ ഇൻസ്റ്റഗ്രാം പ്രാവർത്തികമാക്കിയിരുന്നത്. ഇതിനോട് ഉപയോക്താക്കളിൽ നിന്നുണ്ടായിരിക്കുന്ന മികച്ച പ്രതികരണം സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനമേകുന്നുവെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസെരി പറഞ്ഞു.
ചെറുവീഡിയോകളായ റീലുകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചതാണ് ഉപയോക്താക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലെ റീലുകളുടെ പരമാവധി ദൈര്‍ഘ്യം നേരത്തേ 1.5 മിനിറ്റായിരുന്നു. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് 3 മിനിറ്റ് വരെയുള്ള റീലുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കും. റീലുകള്‍ക്ക് നിലവിലുള്ള പരമാവധി ദൈര്‍ഘ്യം വളരെ കുറവാണ് എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മാറ്റം. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം നേരത്തേ മുതല്‍ തന്നെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് റീലായിട്ടല്ല, മറിച്ച് സാധാരണ പോസ്റ്റായാണ് കാണിച്ചിരുന്നത്.
പ്രൊഫൈല്‍ ഗ്രിഡിലും ആകര്‍ഷകമായ മാറ്റമാണ് ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നത്. സമചതുരാകൃതിയിലായിരുന്ന ഗ്രിഡ് ദീര്ഘചതുരാകൃതിയിലാക്കി. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് ഇന്‍സ്റ്റഗ്രാം മേധാവി പറഞ്ഞു.
റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്ത് തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ മാറ്റം നടപ്പാക്കിയിരുന്നു. സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗം കൂടി അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്തത്. പ്രത്യേക ഫീഡിലാണ് ഈ വീഡിയോകള്‍. ഇതിനോടുണ്ടായ പ്രതികരണം മറ്റു രാജ്യങ്ങളിലും ഈ മാറ്റം വേഗത്തിൽ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നുണ്ട്.
വീഡിയോകള്‍ എഡിറ്റ് ചെയ്യാനായി ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്ന എഡിറ്റ്സ് എന്ന ആപ്പ് മാർച്ച് 13ന് പുറത്തിറങ്ങും. ഉന്നത നിലവാരമുള്ള വീഡിയോ, ഡ്രാഫ്റ്റ് വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന് എന്നിവയും വീഡിയോയുടെ ഇന്‍സൈറ്റും ഈ ആപ്പ് നല്‍കുമെന്നാണ് അറിയിപ്പ്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും എഡിറ്റ് ആപ്പിനായി പ്രീ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കിയിട്ടുണ്ട്.