സാധാരണ വേഷത്തിൽ മോഹൻലാൽ; അനൂപ് സത്യന്റെ ‘L368’ൽ അഭിനയം തുടങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി. താത്കാലികമായി ‘L368’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തൊടുപുഴയ്ക്കടുത്ത് മാറികയിലെ ലൊക്കേഷനിലാണ് താരം ജോയിൻ ചെയ്തത്.

ചെറിയ താടിയും കഴുത്തിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള മാലകളും ചെക്ക് ഷർട്ടും കറുത്ത മുണ്ടുമണിഞ്ഞ ലുക്കിലായിരുന്നു മോഹൻലാൽ ലൊക്കേഷനിലെത്തിയത്. സാധാരണക്കാരന്റെ വേഷവിധാനത്തിലുള്ള കഥാപാത്രമാണ് താരത്തിന്റേതെന്നാണ് ആദ്യ ദൃശ്യങ്ങൾ നൽകുന്ന സൂചന.

ഒക്ടോബർ 30ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ നവംബർ 2നാണ് മോഹൻലാൽ അഭിനയിച്ചു തുടങ്ങിയത്. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

‘L368’ എന്ന താത്കാലിക പേരിലും ഒരു സൂചന ഒളിപ്പിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ ലോഞ്ചിങ് വേളയിൽ അനൂപ് സത്യൻ വ്യക്തമാക്കിയിരുന്നു. പേരിലെ ‘L’ ലവ് എന്ന ആശയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്.

ഒരു പ്രത്യേക ജോണറിൽ മാത്രം ഒതുങ്ങുന്ന ചിത്രമല്ല ഇതെന്ന് അനൂപ് സത്യൻ പറയുന്നു. പ്രണയം, ഇമോഷണൽ ഡ്രാമ, നർമം, ആക്ഷൻ എന്നിവയെല്ലാം കഥയുടെ ഭാഗമായുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊച്ചി, ഇടുക്കി, മംഗളൂരു എന്നിവിടങ്ങൾക്കൊപ്പം കർണാടകയിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 3 തിയേറ്റർ കലാകാരന്മാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതപ്രമാണ് ഗാനരചന. ജെയ്ക്സ് ബിജോയ് സംഗീതവും ഷഹ്നാസ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രശാന്ത് മാധവൻ കലാസംവിധാനവും സുജിത് സുധാകർ വസ്ത്രാലങ്കാരവും സജീവ് സജി മേക്കപ്പും നിർവഹിക്കുന്നു.

അനിൽ രാധാകൃഷ്ണനാണ് സിങ്ക് സൗണ്ട്. വിഷ്ണു പിഷാരടി വി.എഫ്.എക്സും സ്റ്റണ്ട് സെൽവ ആക്ഷനും നിർവഹിക്കുന്നു. എസ്തറ്റിക് കുഞ്ഞമ്മയാണ് ഡിസൈൻ. അതുല്യ മധു ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്.

ആദർശ് ലൈല സുന്ദർ പ്രൊഡക്ഷൻ മാനേജറും ശ്രീക്കുട്ടൻ, ധനേഷ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

ആശിർവാദ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENT

Recent Articles

Related Articles

Special