Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ സംസ്കാരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘വിസിൽ’ എന്ന ചിത്രത്തിൽ ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും കലാകാരന്മാർക്കും അഭിനയിക്കാൻ അവസരം. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ മലപ്പുറത്ത് ആരംഭിക്കും.
ചിത്രത്തിന്റെ ബ്രോഷർ പി.കെ.കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂരാണ് രചിക്കുന്നത്. അടുത്ത റംസാൻ കാലത്ത് ചിത്രം പ്രേക്ഷകരിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദാണ് ചിത്രം നിർമിക്കുന്നത്. ഓസ്കർ ജേതാവ് എ.ആർ. റഹ്മാന്റെ സംഗീതസംഘത്തിൽ സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് ‘വിസിലി’ലൂടെ മലയാളത്തിൽ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.
മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരവും കളിയോടുള്ള തീവ്രമായ സ്നേഹവും സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കും. പ്രാദേശിക ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും അവസരം നൽകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
തെലുങ്ക് സിനിമാരംഗത്ത് ശ്രദ്ധേയനായ അഷ്കർ അലിയാണ് ഛായാഗ്രഹണം. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിങ്ങും മനോജ് അങ്കമാലി മേക്കപ്പും നിർവഹിക്കുന്നു. പോർച്ചുഗലിലെ അവൻക ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് കലാസംവിധാനം.
ഗായത്രി കിഷോർ വസ്ത്രാലങ്കാരവും ഷൈൻ കെ.എസ്. ചീഫ് അസോസിയേറ്റ് സംവിധാനവും നിർവഹിക്കുന്നു. അഷ്റഫ് ഗുരുക്കളാണ് ആക്ഷൻ ഡയറക്ടർ. റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും മുരളി ഗിന്നസ് ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറുമാണ്. ഷഹദ് ഹുസൈൻ സ്റ്റിൽസും ആന്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. എ.എസ്.ദിനേശ് ആണ് പി.ആർ.ഒ.




























