Follow the FOURTH PILLAR LIVE channel on WhatsApp
കാടിന്റെ വന്യതയും നിഗൂഢതയും മനുഷ്യന്റെ ഉള്ളിലെ സംഘർഷങ്ങളുമായി കോർത്തിണക്കി ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ആരണ്യകാണ്ഡം’ ആരംഭിച്ചു. വിജയദശമി ദിനത്തിൽ കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന പൂജാചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.
പോംപി എന്റർടൈൻമെന്റ്സ്, ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ചലച്ചിത്രപ്രവർത്തകരും അഭിനേതാക്കളും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ സംവിധായകൻ ജയൻ വന്നേരിയും ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചു.
പൂർണമായും കാടിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് ‘ആരണ്യകാണ്ഡം’. വനത്തിന്റെ നിഗൂഢതയും ഭീതിയും ആകാംക്ഷയും മനുഷ്യന്റെ ഉള്ളിലെ വന്യതയുമായി ബന്ധിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്. മനുഷ്യന്റെ ഉത്ഭവത്തിനും പരിണാമത്തിനും സാക്ഷിയായ കാട് പിന്നീട് മനുഷ്യൻ കീഴടക്കുകയും നശിപ്പിക്കുകയും ചെയ്തപ്പോൾ, അതിന്റെ പ്രതിഫലനമായി അവന്റെ ഉള്ളിൽ മറ്റൊരു കാട് രൂപപ്പെടുന്നു എന്ന ആശയമാണ് കഥയുടെ അടിസ്ഥാനമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഓരോ മനുഷ്യന്റെയും ഉള്ളിലെ നിഗൂഢതകളും ഭയങ്ങളും സംഘർഷങ്ങളും തേടിയുള്ള യാത്രയായിരിക്കും ചിത്രം.
ഒരു കടുവ ചിത്രത്തിലെ മുഴുനീള കഥാപാത്രമായി എത്തുന്നതും പ്രത്യേകതയാണ്. കടുവയുടെ കണ്ണിൽ തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപം പ്രതിഫലിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ വന്യവും ദുരൂഹവുമായ സ്വഭാവത്തിലേക്കുള്ള സൂചനയായിരുന്നു പോസ്റ്റർ.
വി.എഫ്.എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ് ‘ആരണ്യകാണ്ഡം’. ഹൈദരാബാദിലെ പ്രമുഖ സ്ഥാപനമാണ് വി.എഫ്.എക്സ്. ജോലികൾ കൈകാര്യം ചെയ്യുന്നത്. അരുൺ ലാലാണ് വി.എഫ്.എക്സ് സൂപ്പർവൈസർ. ഗായത്രി പന്തലങ്ങാട്ടിലാണ് വി.എഫ്.എക്സ്. പ്രൊഡ്യൂസർ.
പുതുമുഖം അഞ്ജലി രാജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ ദേവ് നായകനാകുന്നു. മാർട്ടിൻ മുരുകൻ, ഡിനീഷ് ആലപ്പി, പ്രമോദ് വെളിയനാട്, മേജർ രവി, മനോജ് കെ.യു., സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വ്യത്യസ്ത പ്രമേയങ്ങളിലൂടെയാണ് സംവിധായകൻ ജയൻ വന്നേരി ശ്രദ്ധേയനായത്. പശുപതിയെയും ജനനി അയ്യരെയും മാത്രം പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മാ.ചു.ക.’ ആയിരുന്നു ആദ്യ സംവിധാനസംരംഭം. തുടർന്ന് ജോജു ജോർജ്, ലിജോമോൾ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഒറ്റക്കൊരു കാമുകൻ’ സംവിധാനം ചെയ്തു. വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും പുലർത്തിയ ചിത്രങ്ങൾക്ക് ശേഷമാണ് ‘ആരണ്യകാണ്ഡ’വുമായി ജയൻ വന്നേരി എത്തുന്നത്.
ജോമോൻ തോമസാണ് ഛായാഗ്രഹണം. ഗോപി സുന്ദർ സംഗീതം ഒരുക്കുന്നു. സോബിൻ കെ.സോമൻ ചിത്രസംയോജനവും മനു ജഗത് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. അനീഷ് തൊടുപുഴയാണ് വസ്ത്രാലങ്കാരം. ജോൺ വിക്ടർ മേക്കപ്പും റഫീഖ് പട്ടേരി സ്റ്റിൽസും നിർവഹിക്കുന്നു. പ്രവീൺ എടവണ്ണപ്പാറയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ.: വാഴൂർ ജോസ്, ബിജിത്ത് വിജയൻ, അരുൺ പൂക്കോടൻ.
നവംബർ 5ന് ആരംഭിക്കുന്ന ചിത്രീകരണം പാലക്കാട് ധോണി, വാഗമൺ, ബെംഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും. 5 ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.



























