Follow the FOURTH PILLAR LIVE channel on WhatsApp
ജയസൂര്യയും വിനായകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ടൈറ്റൻസ്’ ഒക്ടോബർ 22ന് തിയേറ്ററുകളിലെത്തും. ഫാന്റസി, ഹ്യൂമർ, ത്രില്ലർ സ്വഭാവത്തിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു.എ. സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം.ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വ്യത്യസ്ത അഭിനയശൈലികളിലൂടെ ശ്രദ്ധേയരായ ജയസൂര്യയും വിനായകനും ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇരുവരുടെയും പതിവ് കഥാപാത്രസങ്കല്പങ്ങളിൽനിന്ന് വ്യത്യസ്തമായ അവതരണമാണ് ‘ടൈറ്റൻസി’ലുണ്ടാകുകയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും മറ്റ് പ്രചാരണസാമഗ്രികളും ചിത്രത്തിന്റെ ഫാന്റസി–ഹ്യൂമർ സ്വഭാവത്തിലേക്കുള്ള സൂചനകൾ നൽകിയിട്ടുണ്ട്.
ജയസൂര്യയ്ക്കും വിനായകനുമൊപ്പം സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, റാപ്പർ ബേബി ജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
വലിയ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു. വ്യത്യസ്ത ലൊക്കേഷനുകളും വിപുലമായ ദൃശ്യാവിഷ്കാരവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും അരുൺ വെഞ്ഞാറമൂട് പ്രൊഡക്ഷൻ ഡിസൈനും മഹേഷ് പിറവം കലാസംവിധാനവും നിർവഹിക്കുന്നു.
രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. യെല്ലോ ട്രൂത്ത് ഡിസൈനും സുഹൈബ് എസ്.ബി.കെ. സ്റ്റിൽസും നിർവഹിക്കുന്നു.
നജീർ നസീം പ്രൊഡക്ഷൻ മാനേജറും രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.


























