Follow the FOURTH PILLAR LIVE channel on WhatsApp
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിലെത്തും. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഗൗരവഭാവത്തോടെ നിൽക്കുന്ന ജയസൂര്യയുടെ പുതിയ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൈയിൽ കുരിശിനോട് സാദൃശ്യമുള്ള ഇരുമ്പുദണ്ഡും കാണാം. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽനിന്ന് വ്യത്യസ്തമായ ഭാവത്തിലാണ് പുതിയ ലുക്ക്.
സത്യവും മിഥ്യയും കൈകോർക്കുന്ന പശ്ചാത്തലത്തിലാണ് ‘മായൻ’ ഒരുക്കുന്നത്. വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റസി ത്രില്ലർ സ്വഭാവത്തിലാണ് അവതരിപ്പിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന ചിത്രമായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം.റാഫി, വൈഷ്ണവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ.ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രവീൺ കുമാറാണ് എഡിറ്റർ.
രോഹിത് ആർ.നായർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സിനറ്റ് സേവ്യറാണ് സ്റ്റിൽ ഫോട്ടോഗ്രഫി.
വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറും പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജരുമാണ്. എബി ബെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും കിരൺ കാന്ത് പ്രൊഡക്ഷൻ വിഭാഗത്തിലും പ്രവർത്തിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.


























