ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളുടെ കഥയുമായി മനോജ് പാലോടൻ; പുതിയ ചിത്രത്തിന് തുടക്കം

Follow the FOURTH PILLAR LIVE channel on WhatsApp 

ചികിത്സയിലൂടെ രോഗം ഭേദമായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം പ്രമേയമാക്കി സംവിധായകൻ മനോജ് പാലോടൻ പുതിയ സിനിമയൊരുക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മൂന്ന് ഗാനങ്ങളുടെ കമ്പോസിങ്ങും വിജയദശമി ദിനത്തിൽ നടന്നു.

കേരളത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർത്തിയാക്കിയിട്ടും വീടുകളിലേക്ക് മടങ്ങാനാകാതെ കഴിയുന്നവരുടെ കണക്കുകൾ ഉൾപ്പെടുത്തിയ പ്രൊമോഷൻ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2026 ഓഗസ്റ്റ് 7ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 80 പേരും തിരുവനന്തപുരത്ത് 55 പേരും തൃശൂരിൽ ഏകദേശം 40 പേരും ഉൾപ്പെടെ 175ലധികം പേർ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടും ഡിസ്ചാർജ് ചെയ്യാനാകാതെ തുടരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

കുടുംബങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതും ആവശ്യമായ പുനരധിവാസ സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ അനുഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചികിത്സയ്ക്കപ്പുറം കുടുംബത്തിന്റെ കരുതലും സാമൂഹിക പിന്തുണയും പുനരധിവാസ സംവിധാനങ്ങളും എത്രത്തോളം പ്രധാനമാണെന്ന ചോദ്യവും ചിത്രം ഉയർത്തും.

മനോജ് പാലോടനാണ് കഥയും സംവിധാനവും. ബാബു തട്ടിൽ സി.എം.ഐയും മനോജ് പാലോടനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഡോ.കെ.എ.കുര്യച്ചൻ ആന്റണി കാട്ടൂക്കാരൻ എക്സിക്യൂട്ടീവ് പ്രൊഡക്ഷൻ അഡ്വൈസറായുള്ള കാസ്റ്റർ ആൻഡ് പോളക്സ് മീഡിയ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിക്കുന്നത്.

“സിനിമ കണ്ടിറങ്ങുമ്പോൾ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ ബന്ധുക്കളിൽ ആരുടെയെങ്കിലും മനസ്സിൽ മാറ്റമുണ്ടാകണം. സിനിമ കണ്ടതിലൂടെ ഒരാളെയെങ്കിലും സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാൻ കുടുംബം തയ്യാറായാൽ അതായിരിക്കും ഈ സിനിമയുടെ ഏറ്റവും വലിയ വിജയം,” സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ സംഗീതസംവിധായകൻ പ്രകാശ് ഉള്ളേരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. 3 ഗാനങ്ങളുടെ കമ്പോസിങ് വിജയദശമി ദിനത്തിൽ പാലക്കാട് തത്വ മ്യൂസിക് സൊല്യൂഷൻ സ്റ്റുഡിയോയിൽ ആരംഭിച്ചു.

തൃശൂർ, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 2027 മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

മാനസികാരോഗ്യ ചികിത്സയ്ക്കുശേഷവും വീടുകളിലേക്ക് മടങ്ങാനാകാതെ സ്ഥാപനങ്ങളിൽ തുടരുന്നവരുടെ ജീവിതത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയും കുടുംബബന്ധങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രാധാന്യം ചർച്ചയാക്കുകയുമാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എ.എസ്.ദിനേശാണ് പി.ആർ.ഒ.

COMMENTCancel reply

Recent Articles

Related Articles

Special