മണിക്കുട്ടനും കാർത്തുമ്പിയും വീണ്ടും വരുന്നു; ‘തേന്മാവിൻ കൊമ്പത്ത്’ 4കെയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാള സിനിമയിലെ ജനപ്രിയ ക്ലാസിക്കുകളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ ആധുനിക സാങ്കേതിക മികവോടെ 4കെ റീമാസ്റ്റർ പതിപ്പിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 1നാണ് ചിത്രം പുനഃപ്രദർശനത്തിനെത്തുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ നർമവും പ്രണയവും മനോഹരമായ ദൃശ്യങ്ങളും ഗാനങ്ങളും കോർത്തിണക്കിയ ചിത്രമായാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവരുടെ കഥാപാത്രങ്ങളും അവർക്കിടയിലെ രസകരമായ മുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.

മോഹൻലാൽ–ശോഭന കൂട്ടുകെട്ടിന്റെ പ്രണയരംഗങ്ങളും നെടുമുടി വേണുവിന്റെയും ശ്രീനിവാസന്റെയും നർമരംഗങ്ങളും ഇന്നും പ്രേക്ഷകർ ഓർത്തെടുക്കുന്നവയാണ്. കുതിരവട്ടം പപ്പുവിന്റെ സംഭാഷണങ്ങളും ചിത്രത്തിന്റെ ജനപ്രീതിയിൽ നിർണായക പങ്കുവഹിച്ചു.

പ്രസിദ്ധി ക്രിയേഷൻസ്, സൂര്യസിനി ആർട്സ് എന്നീ ബാനറുകളിൽ എൻ.ഗോപാലകൃഷ്ണനും മുകേഷ് ആർ.മേത്തയും ചേർന്നാണ് ചിത്രം നിർമിച്ചത്. 4കെ റീമാസ്റ്റർ പതിപ്പ് തിയേറ്ററുകളിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്.

മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു എന്നിവർക്കൊപ്പം ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഗീത വിജയൻ, നന്ദു, കെ.ആർ.വത്സല, ഖദീജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിലെ ഗാനങ്ങൾക്ക് ബേണി–ഇഗ്നേഷ്യസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനരചന. എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര, സുജാത എന്നിവരാണ് പ്രധാന ഗാനങ്ങൾ ആലപിച്ചത്.

കെ.വി.ആനന്ദാണ് ഛായാഗ്രഹണം. എൻ.ഗോപാലകൃഷ്ണൻ ചിത്രസംയോജനവും സാബു സിറിൾ കലാസംവിധാനവും നിർവഹിച്ചു. സച്ചിദാനന്ദനാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

പുതുതലമുറ പ്രേക്ഷകർക്കും പഴയ ആരാധകർക്കും ഒരുപോലെ വലിയ തിരശ്ശീലയിൽ വീണ്ടും അനുഭവിക്കാനാകുന്ന തരത്തിലാണ് ‘തേന്മാവിൻ കൊമ്പത്ത്’ 4കെ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.

COMMENT

Recent Articles

Related Articles

Special