റിപ്പോർട്ടർ ന്യൂസ് ഡെസ്കിൽ പുലർച്ചെ പൊലീസ് കയറ്റം; മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാൻ നടത്തിയ നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച പുലർച്ചെ റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാനത്ത് നടത്തിയ പരിശോധന വിവാദത്തിൽ. കോടതി വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് അന്വേഷണസംഘം പറയുന്നുണ്ട്. വാർത്താമുറിയിൽ കടന്ന പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും വാർത്താപ്രവർത്തനം തടസ്സപ്പെടുത്തിയതായും ചാനൽ ആരോപിച്ചു.

റിപ്പോർട്ടർ ടിവി ആസ്ഥാനമുൾപ്പെടെ കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കമ്പനിയുടെ ഓഫീസിനു പുറമെ അഗസ്റ്റിൻ സഹോദരന്മാരുമായി ബന്ധപ്പെട്ട കൊച്ചിയിലെ താമസസ്ഥലങ്ങൾ, വയനാട്ടിലെ കുടുംബവീട്, ജി.ഒ.ടി.എ.ഡി. കമ്പനിയുടെ ഓഫീസ് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.

പുലർച്ചെ ആദ്യ വാർത്താബുള്ളറ്റിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് സംഘം ന്യൂസ് ഡെസ്കിലെത്തിയതെന്ന് ചാനൽ ജീവനക്കാർ പറഞ്ഞു. വാർത്തകൾ, റിപ്പോർട്ടർമാരുടെ തത്സമയ വിവരങ്ങൾ, മറ്റു വാർത്താ കൈമാറ്റങ്ങൾ എന്നിവ സ്വീകരിക്കുന്ന ഇൻപുട്ട് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതായാണ് ആരോപണം. റിപ്പോർട്ടർ ടി.വി. പുറത്തുവിട്ട ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ന്യൂസ് ഡെസ്കിലെ മാധ്യമപ്രവർത്തകരിൽനിന്ന് ഫോണുകൾ വാങ്ങുന്നതും കാണാം. ഏകദേശം 70 മാധ്യമപ്രവർത്തകരുടെ ഫോണുകൾ ഒരു ഘട്ടത്തിൽ പൊലീസ് കൈവശപ്പെടുത്തി.

രാവിലെ 6 മണിക്കുള്ള വാർത്തയ്ക്കായി തത്സമയം റിപ്പോർട്ട് ചെയ്യാനിരുന്ന മാധ്യമപ്രവർത്തകനെ ബന്ധപ്പെടുന്നതിനിടെയാണ് ന്യൂസ് ഡെസ്കിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഫോൺ പൊലീസ് വാങ്ങിയതെന്നും, ആരെയാണ് വിളിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായും ജീവനക്കാർ പറഞ്ഞു. അന്വേഷണവുമായി ബന്ധമില്ലാത്ത ന്യൂസ് ഡെസ്ക് പ്രവർത്തകരുടെ സ്വകാര്യ ഫോണുകൾ വരെ എന്തിനാണ് പിടിച്ചെടുത്തതെന്ന ചോദ്യവും മാധ്യമപ്രവർത്തകർ ഉയർത്തി.

പരിശോധനയുടെ പേരിൽ വാർത്താമുറിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഇടപെട്ടുവെന്നാണ് ചാനലിന്റെ ആരോപണം. വാർത്ത ശേഖരിക്കുന്നതിനും റിപ്പോർട്ടർമാരുമായി ബന്ധപ്പെടുന്നതിനുമുള്ള ഫോണുകൾ കൈവശപ്പെടുത്തിയതോടെ തത്സമയ വാർത്താ പ്രവർത്തനം തടസ്സപ്പെട്ടെന്നും ജീവനക്കാർ പറഞ്ഞു.

അതേസമയം പരിശോധന നിയമാനുസൃതമായി കോടതി വാറന്റിന്റെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബിജോയ് ചന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന ആരോപണമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ നോട്ടീസ് സ്വീകരിക്കാനോ ചില സ്ഥലങ്ങൾ തുറന്നുനൽകാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആരോപിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് പിണറായി

റിപ്പോർട്ടർ ടിവിയുടെ വാർത്താമുറിയിൽ പൊലീസ് നടത്തിയ ഇടപെടലിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശക്തമായി അപലപിച്ചു. പുലർച്ചെ ന്യൂസ് ഡെസ്കിലേക്ക് പൊലീസ് ഇരച്ചുകയറി മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായും ഒന്നര മണിക്കൂറോളം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയതായും പിണറായി പറഞ്ഞു.

അന്വേഷണത്തിന്റെ പേരിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ വാർത്താമുറിയിലെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും ഡൽഹിയിലും മാധ്യമസ്ഥാപനങ്ങൾക്കെതിരെ നടന്ന പൊലീസ് നടപടികളെ ഓർമിപ്പിക്കുന്നതാണ് സംഭവമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടപടിക്കെതിരെ രംഗത്തെത്തി. വാർത്താ–ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭരണഘടന നൽകുന്ന സംരക്ഷണം ചൂണ്ടിക്കാട്ടിയ അദ്ദേഹം മുഖ്യമന്ത്രി വി.ഡി.സതീശൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 വായിക്കണമെന്നും പ്രതികരിച്ചു.

പത്രപ്രവർത്തക യൂണിയനും പ്രതിഷേധത്തിൽ

കേരള പത്രപ്രവർത്തക യൂണിയന്റെ എറണാകുളം ജില്ലാ കമ്മിറ്റിയും പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന തരത്തിൽ ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെട്ടതും ഫോണുകൾ കൈവശപ്പെടുത്തിയതും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ പ്രസിഡന്റ് ആർ.ഗോപകുമാറും സെക്രട്ടറി എം.ഷജിൽ കുമാറും പറഞ്ഞു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും യൂണിയൻ അറിയിച്ചു.

COMMENT

Recent Articles

Related Articles

Special