Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷന്റ് ചെയ്ത് ദക്ഷിണ മേഖല ഐജി. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. അന്വേഷണ റിപ്പോർട്ടും രതീഷിനെതിരേയായിരുന്നു. മർദന ദൃശ്യം പുറത്തുവന്നതോടെ വിഷയം വൻതോതിൽ ചർച്ചയായിരുന്നു. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.
2023 മേയ് 24-നാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലുടമയായ കെ.പി. ഔസേപ്പിനേയും മകനേയും ഡ്രൈവറെയുമാണ് അന്ന് പീച്ചി സ്റ്റേഷനിൽ എസ്ഐ ആയിരുന്ന രതീഷ് മർദിച്ചത്. ദിനേഷും ജിനീഷും നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കമാണ് പരാതിയായി സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിനിടെ വൻ തുക ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായതായും ഔസേപ്പ് ആരോപിച്ചിരുന്നു.
മർദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകൾ പലയിടത്തും നൽകിയെങ്കിലും ആദ്യം ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യങ്ങൾ കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവിൽ വിവരാവകാശക്കമ്മിഷനുതന്നെ അപ്പീൽ നൽകുകയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തു. അപ്പോഴാണ് ദൃശ്യങ്ങൾ നൽകാൻ അധികൃതർ തയ്യാറായത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം വൻതോതിൽ ചർച്ചയായത്.
























