രാഹുൽ വിഷയം : തങ്ങളെ വിമർശിക്കാൻ സിപിഎമ്മിനോ ബിജെപിക്കോ അവകാശമില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർക്കും തങ്ങളെ ധാർമികമായോ നിയമപരമായോ എതിർക്കാൻ അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിന്റെ പേരിലുണ്ടായ വിവാദങ്ങൾ കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് പൊതുവിൽ നല്ല അഭിപ്രായമാണ്. സംഘടനാ ശക്തിയോടൊപ്പംതന്നെ നേതൃമികവും വ്യക്തതയും കോൺഗ്രസിന്റെ മുതൽക്കൂട്ടായിരുന്നു. രാഹുലിനെതിരായ ആക്ഷേപം വന്നതോടെ അതിന്റേതായ ക്ഷീണമുണ്ട്. എന്നാൽ, ഇത് പറയാൻ ഇന്നത്തെ ഞങ്ങളെ എതിർക്കുന്ന ഒരു പാർട്ടിക്കും ധാർമികമായോ നിയമപരമായോ അവകാശമില്ല എന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.

എംഎൽഎ സ്ഥാനമെന്നത് ജനങ്ങൾ നൽകുന്നതാണ്. നമുക്ക് അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാരണം ഇത്തരം കേസുകളിൽപ്പെട്ടിട്ടുള്ള എംഎൽഎമാർ നിലവിൽ നിയമസഭയിലുണ്ട്. നിയമവ്യവസ്ഥ പരിശോധിച്ചാൽ ഇതിനെക്കാൾ ഗുരുതരമായ ബലാത്സംഗക്കേസുകളിൽ പ്രതികളായിട്ടുള്ള എംഎൽഎമാർ നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. കായുള്ള മരത്തിലാണ് കല്ലെറിയുക. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപത്തിന് പിന്നിലെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുലിനെ പാലക്കാട്ടെത്തിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുപ്പിക്കാനുള്ള പദ്ധതിയിലാണ് എ ഗ്രൂപ്പും അടുത്ത സഹപ്രവർത്തകരും. ദീർഘനാൾ മണ്ഡലത്തിൽനിന്ന് വിട്ടുനിൽക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് തിരക്കിട്ട ശ്രമം. അതേസമയം, ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് ഈ നീക്കങ്ങളോട് വിയോജിപ്പുണ്ട്. ആരോപണങ്ങൾ ഉയർന്ന ശേഷം അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ.

Recent Articles

Related Articles

Special