Follow the FOURTH PILLAR LIVE channel on WhatsApp
തൃശൂർ :വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നിലനിൽക്കെ,ബൂത്ത് ലെവൽ ഓഫീസർമാക്ക് പിഴവുസംഭവിച്ചെന്നതിന്റെ സൂചനകൾ പുറത്ത് വരുന്നു. വോട്ടർമാർ സ്ഥിരതാമസക്കാരാണോ എന്നു പരിശോധിക്കേണ്ട ബൂത്ത് ലവൽ ഓഫിസർമാർ പലരും കൃത്യമായി പ്രവർത്തിച്ചില്ല എന്നതാണ് പരാതി. കോർപറേഷൻ പരിധിയിലെ 42–ാം ബൂത്തിൽ ബിജെപിയുടെ പഴയ ജില്ലാ കമ്മിറ്റി ഓഫിസായ ‘ദീൻദയാൽ സ്മൃതി’ എന്ന വിലാസത്തിൽ ചേർത്ത 7 പേരുടെ വോട്ടുകൾ വ്യാജമാണെന്ന് തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുൻപു കോൺഗ്രസ് പരാതിപ്പെട്ടിരുന്നു.ഇതിന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ തൃശൂർ തഹസിൽദാർ ആഴ്ചകൾക്കു ശേഷം നൽകിയ മറുപടി പ്രാഥമികമായി തന്നെ തെറ്റ് അംഗീകരിക്കുന്നതാണ്. പരാതിയിൽ പറയുന്ന 2 പേർ ചെറുമുക്ക് അമ്പലത്തിനടുത്തുള്ള ഓഫിസിലും ബാക്കിയുള്ളവർ പഴയ നടക്കാവിലെ പാർട്ടി ഓഫിസിന്റെ രണ്ടാം ഫ്ലാറ്റിലും 3 വർഷമായി സ്ഥിരതാമസക്കാരാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു എന്നായിരുന്നു മറുപടി. എന്നാൽ, ഈ രണ്ട് ഓഫിസുകളും സ്ഥിതി ചെയ്യുന്നതു രണ്ടു ബൂത്തുകളിലാണ്.
പഴയനടക്കാവ് ഓഫിസ്, ബൂത്ത് നമ്പർ 42 ലും ചെറുമുക്ക് ഓഫിസ്, ബൂത്ത് നമ്പർ 97 ലും ആണ്.9 7ൽ താമസിക്കുന്നവരെ എങ്ങനെ 42–ാം ബൂത്തിലെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നതാണു പ്രശ്നം. ഈ വിലാസത്തിൽ ചേർത്തിരുന്ന 10 പേരിൽ ഒരാൾക്കു മാത്രമാണു കൃത്യമായ വീട്ടുനമ്പർ ഉണ്ടായിരുന്നത്. ഒരാളുടെ വീട്ടുനമ്പർ പൂജ്യം ആയിരുന്നു. ബാക്കി 8 പേർക്കും വീട്ടുനമ്പർ ഉണ്ടായിരുന്നില്ല.
ഇതിൽ രണ്ടുപേർക്ക് ഇതേ വിലാസത്തിൽ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടുണ്ടെങ്കിലും മറ്റുള്ളവർക്കൊന്നും തദ്ദേശ പട്ടികയിൽ സംസ്ഥാനത്ത് ഒരിടത്തും വോട്ടില്ല. ഇതിനിടെ രാഷ്ട്രീയക്കാരോടോ, മാധ്യമങ്ങളോടോ സംസാരിക്കുന്നതിൽനിന്ന് ബിഎൽഒമാർക്കു ജില്ലാ ഭരണകൂടം അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തി. പത്രപ്രവർത്തകരോ, രാഷ്ട്രീയ പ്രവർത്തകരോ ബന്ധപ്പെട്ടാൽ വോട്ടർപട്ടികയുടെ ഫോട്ടോ, ബിഎൽഒ ആപ്പിൽ നിന്നുള്ള സ്ക്രീൻഷോട്ട് എന്നിവ കൈമാറേണ്ടതില്ല എന്ന് വാട്സാപ് ഗ്രൂപ്പുകളിലാണു നിർദേശം നൽകിയിരിക്കുന്നത്.
























