Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രഖ്യാപനം ധീരവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ്. അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും തനിക്കുള്ള ഉറച്ച വിശ്വാസത്തിന്‍റെ പ്രതിഫലനമാണിത്. തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തി വരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹവുമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവന്‍ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം ചെയ്തു കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും, കേരളത്തെ വീണ്ടും വര്‍ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി സമൂഹത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികള്‍ക്കതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളില്‍നിന്നും ഒഴിവാകുകയെന്ന ഗുഢലക്ഷ്യവും വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് വി എം സുധീരൻ പറഞ്ഞു.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുസ്വാമികള്‍ നല്‍കിയ സന്ദേശങ്ങള്‍ക്കും ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കും എതിരെ എക്കാലത്തും പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണ്. നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് തനിക്കെന്തെങ്കിലും ആദരവുണ്ടെങ്കില്‍ സംസ്ഥാന നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.