29 C
Trivandrum
Tuesday, July 22, 2025

സൈന്യത്തിൻ്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികൾ, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ക്ലാസ് മുറിയിൽ അവർ 4 പേർ ഒരുമിച്ചായിരുന്നു. അടുത്ത കൂട്ടുകാർ. പഠനം പൂർത്തിയാക്കിയ അവർ സാധാരണ അവിടത്തെ മിക്ക വിദ്യാർഥികളെയും പോലെ സൈനിക സേവനത്തിന് ചേർന്നു. ഇന്നവർ രാജ്യത്തിൻ്റെ സൈനികതന്ത്രങ്ങൾ മെനയുകയും അവ നടപ്പാക്കുകയും ചെയ്യുന്ന നിർണായക പദവികളിലാണ്.

ലെഫ്റ്റനൻ്റ് ജനറൽ വിജയ് ബി.നായർ, മേജർ ജനറൽ വിനോദ് ടി.മാത്യു, മേജർ ജനറൽ ഹരി ബി.പിള്ള, എയർ വൈസ് മാർഷൽ കെ.വി.സുരേന്ദ്രൻ നായർ എന്നിവരാണ് ആ കൂട്ടുകാർ. ഇവർ ശനിയാഴ്ച കഴക്കൂട്ടം സൈനിക സ്കൂളിലെത്തും. പൂർവവിദ്യാർഥി സംഗമത്തിൻ്റെ ഭാഗമായാണ് ഈ 4 മുതിർന്ന സൈനികോദ്യോഗസ്ഥർ ഒരിടത്ത് ഒത്തുകൂടുന്നത്.

കഴക്കൂട്ടം സൈനിക സ്കൂൾ

പാലക്കാട് സ്വദേശിയാണ് വിജയ് നായർ. വിനോദ് മാത്യു തൊടുപുഴക്കാരനും ഹരി പിള്ള പുനലൂർ സ്വദേശിയും സുരേന്ദ്രൻ നായർ തൃശ്ശൂരുകാരനുമാണ്. കഴക്കൂട്ടം സൈനിക സ്കൂളിൽ 1978 ജൂണിൽ ആറാം ക്ലാസ് വിദ്യാർഥികളായി ഒത്തുചേർന്ന ഇവർ 1985ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. സ്കൂളിൽ നിന്ന് ഇവർ നേരെ പോയത് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്, അവിടെ നിന്ന് സേനകളിലേക്കും.

ലെഫ്റ്റനൻ്റ് ജനറൽ വിജയ് നായർ

ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കു വഹിച്ച കരസേനയുടെ ഉത്തര കമാൻഡ് മേധാവിയാണ് ഇപ്പോൾ ലെഫ്റ്റനൻ്റ് ജനറൽ വിജയ് നായർ. ഉധംപുരാണ് പ്രവർത്തന കേന്ദ്രം. കശ്മീരിലും നിയന്ത്രണരേഖയിലും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് ഏറെക്കാലം നേതൃത്വം നല്കിയ ആളാണ്. ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും പോയി പോരാടി. കോംഗോയിൽ യു.എൻ. ബഹുരാഷ്ട്ര സേനയുടെ മേധാവിയായും ലെഫ്റ്റനൻ്റ് ജനറൽ വിജയ് നായർ പ്രവർത്തിച്ചു.

മേജർ ജനറൽ വിനോദ് മാത്യു

കരസേനയിൽ കർണാടക -കേരള സബ് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിങ് ആയി പ്രവർത്തിക്കുകയാണ് മേജർ ജനറൽ വിനോദ് മാത്യു. വയനാട്ടിൽ ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത് ഈ ഉദ്യോഗസ്ഥനാണ്. ബെയ്ലി പാലം നിർമിച്ചതും ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ തന്നെ. അസമിലും മണിപുരിലുമെല്ലാം വിധ്വംസക പ്രവർത്തനങ്ങൾ തടയുന്ന പോരാട്ടത്തിലായിരുന്നു കൂടുതൽ കാലവും മേജർ ജനറൽ വിനോദ് മാത്യു. യു.എൻ. സേനയുടെ ഭാഗമായി കോംഗോ, സുഡാൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

മേജർ ജനറൽ ഹരി പിള്ള

സൈന്യത്തിലേക്ക് ആളെയെടുക്കുന്ന ബംഗളൂരു മേഖലാ റിക്രൂട്ടിങ് സോൺ അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയാണ് മേജർ ജനറൽ ഹരി പിള്ള. ഇദ്ദേഹവും കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. വടക്കുകിഴക്കൻ മേഖലയിലും ദീർഘകാലം പ്രവർത്തിച്ചു. കോംഗോയിൽ യു.എൻ. സേനയുടെ ഭാഗമായി.

എയർ വൈസ് മാർഷൽ സുരേന്ദ്രൻ നായർ

രാജ്യത്തെ മികച്ച ഫൈറ്റർ പൈലറ്റുകളിലൊരാളാണ് എയർ വൈസ് മാർഷൽ സുരേന്ദ്രൻ നായർ. മിഗ് 21, മിഗ് 29, സുഖോയ് 30 തുടങ്ങിയ യുദ്ധവിമാനങ്ങൾ ദീർഘനേരം പറത്തിയ പരിചയമുള്ള പൈലറ്റ്. ഫൈറ്റർ സ്ക്വാഡ്രൻ കമാൻഡറായി പ്രവർത്തിച്ചു പരിചയമുള്ള ഇദ്ദേഹം വ്യോമസേനയുടെ നിരീക്ഷണ യൂണിറ്റിൻ്റെയും 2 വലിയ യുദ്ധ പരിശീലന കേന്ദ്രങ്ങളുടെയും തലവൻ്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഊട്ടി വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ചീഫ് ഇൻസ്ട്രക്ടറാണ്.

ശനിയാഴ്ച രാവിലെ 8ന് സൈനിക സ്കൂളിൽ തന്നെയാണ് പൂർവവിദ്യാർഥി സംഗമം നടക്കുക. യു.എൻ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ, കമേഴ്സ്യൽ പൈലറ്റുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, ബാങ്കർമാർ, ചാർട്ടേഡ് അക്കൗണ്ടൻ്റുകൾ, കേന്ദ്ര സർക്കാരിലെയും കേരള സർക്കാരിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ അടക്കമുള്ള പൂർവവിദ്യാർഥികളും ഈ സംഗമത്തിന് എത്തുന്നുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks