Follow the FOURTH PILLAR LIVE channel on WhatsApp
കാലിഫോർണിയ: പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ. സ്റ്റാര്‍ട്ടപ്പ് പെര്‍പ്ലെക്‌സിറ്റി ‘കോമറ്റ്’ എന്ന പേരില്‍ പുതിയ എ.ഐ. വെബ് ബ്രൗസര്‍ പുറത്തിറക്കി. കോമറ്റ് എന്ന പേരില്‍ തന്നെ പെര്‍പ്ലെക്‌സിറ്റി നേരത്തെ ഒരു സെര്‍ച്ച് എഞ്ചിനും പുറത്തിറക്കിയിരുന്നു. കോമറ്റ് എ.ഐ. സെര്‍ച്ച് എഞ്ചിനെ അടിസ്ഥാനമാക്കിയാണ് പുതിയ ബ്രൗസര്‍ ഒരുക്കിയിരിക്കുന്നത്. ജോലിയുടെയോ ഗവേഷണ ആവശ്യങ്ങൾക്കോ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
എ.ഐ. അധിഷ്ഠിതമായ നിരവധി സേവങ്ങളാണ് കോമറ്റ് ബ്രൗസറില്‍ ലഭിക്കുക. മീറ്റിങ് ബുക്ക് ചെയ്യാനും ഇമെയില്‍ അയക്കാനുമെല്ലാം കോമറ്റിനോട് ആവശ്യപ്പെടാനാവും. വിവിധ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ‘കോമറ്റ് അസിസ്റ്റന്റ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പെര്‍പ്ലെക്‌സിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇമെയിലുകളുടെ സംഗ്രഹം തയ്യാറാക്കുക, കലണ്ടര്‍ ഇവന്റുകളുടെ ചുരുക്കം തയ്യാറാക്കുക, ടാബുകള്‍ മാനേജ് ചെയ്യുക, ഉപഭോക്താവിന് വേണ്ടി വിവിധ വെബ് പേജുകള്‍ സന്ദര്‍ശിക്കുക തുടങ്ങി വിവിധ ജോലികള്‍ ഈ എ.ഐ. അസിസ്റ്റന്റിനെ ഏല്‍പിക്കാം.
പെര്‍പ്ലെക്‌സിറ്റിയുടെ എതിരാളിയായ ഓപ്പണ്‍ എ.ഐയും ആഴ്ചകള്‍ക്കുള്ളില്‍ എ.ഐ. ബ്രൗസര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.































