29 C
Trivandrum
Friday, November 14, 2025

ബ്രഹ്‌മപുത്രയിലെ ജലം ചൈന തടഞ്ഞാൽ ഇന്ത്യ എന്തുചെയ്യുമെന്ന് പാകിസ്താൻ്റെ ഭീഷണി; ഇന്ത്യയിൽ വെള്ളപ്പൊക്കം കുറയുമെന്ന് അസം മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ചൈന ബ്രഹ്‌മപുത്രാ നദിയിലെ ജലംതടഞ്ഞാല്‍ ഇന്ത്യ എന്തുചെയ്യും എന്ന പാകിസ്താൻ്റെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവനയ്ക്ക് ചുട്ടമറുപടിനല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബ്രഹ്‌മപുത്രാ നദി ഇന്ത്യയിലൂടെ ഒഴുകുമ്പോഴാണ് ശക്തിപ്രാപിക്കുന്നതെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാകിസ്താൻ്റെ ശ്രമം വിലപ്പോവില്ലെന്നും ശര്‍മ എക്‌സില്‍ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിൻ്റെ ഫലമായി, കടുത്ത ചൂടില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കൃഷിക്കടക്കം വെള്ളം ഇല്ലാതെ ജനങ്ങള്‍ വലയുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ്, സമാനസാഹചര്യം ഇന്ത്യക്കും ഉണ്ടായാലോ എന്ന തരത്തില്‍ പാകിസ്താന്‍ തിങ്കളാഴ്ച ഒരു പ്രസ്താവന നടത്തിയത്.

‘ചൈന ബ്രഹ്‌മപുത്രാ നദിയിലെ ജലത്തിൻ്റെ ഒഴുക്ക് തടഞ്ഞാല്‍ എന്താവും ഇന്ത്യയുടെ സ്ഥിതി’, എന്നായിരുന്നു പാകിസ്താൻ്റെ പ്രസ്താവന. പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനയുടെ സഹായത്തോടെ ബ്രഹ്‌മപുത്രയുടെ ഇന്ത്യയിലേക്കുള്ള നീരൊഴുക്ക് തടയും എന്നാണ് പാകിസ്താന്‍ ഉദ്ദേശിച്ചത്. ഇതിന്, ബ്രഹ്‌മപുത്രാ നദിയുടെ ഒഴുക്കിനെക്കുറിച്ചും സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ച സാഹചര്യത്തെക്കുറിച്ചും വ്യക്തമാക്കിയാണ് അസം മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

‘വാസ്തവവിരുദ്ധമായി സ്വയം ചമച്ചുണ്ടാക്കുന്ന ഭീഷണികളുമായി പാകിസ്താന്‍ വീണ്ടും എത്തിയിരിക്കുകയാണ്. നമുക്ക് ഇതിൻ്റെ വസ്തുത പരിശോധിക്കാം, ഉദ്ഭവിക്കുന്നത് തിബറ്റിലാണെങ്കിലും ബ്രഹ്‌മപുത്ര വികസിക്കുന്നതും ശക്തിപ്രാപിക്കുന്നതും ഇന്ത്യയിലാണ്. തിബറ്റന്‍ മേഖലയിലൂടെ ഒഴുകുമ്പോള്‍ 30-35 ശതമാനം ജലം മാത്രമാണ് ബ്രഹ്‌മപുത്രയില്‍ ഉണ്ടാകാറ്. എന്നാല്‍ ഇന്ത്യയിലൂടെ ഒഴുകുമ്പോള്‍ ബ്രഹ്‌മപുത്രയിലെ ജലത്തിൻ്റെ അളവ് 65-70 ശതമാനം ആണ്. ഇന്ത്യയിലെ വർഷകാല മഴയും പോഷകനദികളിലെ ജലവുംകൂടി ചേരുമ്പോഴാണ് ബ്രഹ്‌മപുത്ര ശക്തി പ്രാപിക്കുന്നത്,’ ശര്‍മ എക്‌സില്‍ കുറിച്ചു.

‘ഇന്ത്യയിലെ മഴയിലൂടെ ശക്തിപ്രാപിച്ച്, ഇന്ത്യയിലൂടെ ഒഴുകുമ്പോള്‍ മാത്രം വളരുന്ന ഒരു നദിയാണ് ബ്രഹ്‌മപുത്ര. ഈ നദിയെ ആശ്രയിച്ചല്ല ഇന്ത്യയിലെ കൃഷികളോ മറ്റ് സംവിധാനങ്ങളോ പ്രവര്‍ത്തിക്കുന്നത്. ഇനി ചൈന ബ്രഹ്‌മപുത്രയിലെ ജലം തടയുന്നുവെന്നുതന്നെ ഇരിക്കട്ടെ, അതും ഇന്ത്യക്ക് ഗുണമേ ചെയ്യൂ. കാലവര്‍ഷത്തില്‍ ബ്രഹ്‌മപുത്രയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം വര്‍ഷാവര്‍ഷം അസം മേഖലയില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവായിക്കിട്ടും’ -ശര്‍മ എക്‌സിലൂടെ വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks