Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: സി.പി.എം. പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 8 ആർ.എസ്.എസുകാർക്കും ജീവപര്യന്തം. ഓരോരുത്തര്‍ക്കും 1,44,000 രൂപ പിഴയടയ്ക്കണം. ഇതു കൂടാതെ ആക്രമണത്തിന് 10 വർഷവും സംഘംചേരലിനും ഗുഢാലോചനക്കും ഓരോ വർഷവും ശിക്ഷ വിധിച്ചു. കുമ്പളങ്ങാട് ചാലയ്ക്കൽ ബിജുവിനെ (31) വെട്ടിക്കൊലപ്പെടുത്തുകയും പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലാണ് വിധി.

കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ (51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ്(39), കരിമ്പന വളപ്പിൽ സുനീഷ് (34), കരിമ്പന വളപ്പിൽ സനീഷ് (37) എന്നിവരെയാണ് തൃശ്ശൂർ മൂന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് കെ.എം.രതീഷ് കുമാര്‍ ശിക്ഷിച്ചത്. ആകെ 9 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ ആറാം പ്രതി രവി മരിച്ചു.
2010 മെയ് 16ന് പകൽ 3.30ഓടെ കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുൻവശത്താണ് സംഭവം. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സമ്മേളനത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തവേ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾ വാളുകളും കമ്പിവടിയും ദണ്ഡുകളും ഇടിക്കട്ടയും കൊണ്ട് ആക്രമിക്കുകയായിരുന്നു. 4 ബൈക്കിലായി എത്തിയ ഇവർ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബിജുവിൻ്റെ തലയിലും കൈയിലും വെട്ടി. ആക്രമണം തടുക്കാന്‍ ചെന്ന ബിജുവിൻ്റെ സുഹൃത്ത് ജിനീഷിനെ പ്രതികൾ കൈക്കും കാലിനും വെട്ടി പരുക്കേല്പിച്ചു. ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും 23 തൊണ്ടി മുതലുകളും ഹാജരാക്കി.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി.ബാബു വാദിച്ചു. അഡ്വ.ശരത് ബാബു കോട്ടയ്ക്കൽ, അഡ്വ.പി.വി.രേഷ്മ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വടക്കാഞ്ചേരി ഇൻസ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ ഗുരുവായൂർ എ.സി.പി. ടി.എസ്.സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























