Follow the FOURTH PILLAR LIVE channel on WhatsApp
കാൻ: ഇറാനിയൻ ചലച്ചിത്രസംവിധായകൻ ജാഫർ പനാഹിക്ക് കാൻ ചലച്ചിത്രമേളയിൽ പാം ദോർ പുരസ്കാരം. രാഷ്ട്രീയത്തടവുകാർ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥപറഞ്ഞ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്’ എന്ന സിനിമയ്ക്കാണ് പുരസ്കാരം.
സർക്കാരിനെതിരെ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2009 മുതൽ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമയെടുക്കുന്നതിൽ നിന്ന് 20 വർഷത്തേക്ക് ഇറാൻ വിലക്കിയിരിക്കുകയാണ്. 2023 ഫെബ്രുവരിയിൽ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ 7 മാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനമെന്ന് 64കാരനായ പനാഹി പറഞ്ഞു. സിനിമയെടുക്കാൻ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്സ്’ ഉൾപ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ടുചെയ്തു. പുതിയ ചിത്രവും അങ്ങനെയെടുത്തതാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം തൻ്റെരാജ്യത്തിൻ്റെ ഭാവിയാണെന്ന് പുരസ്കാരം സ്വീകരിച്ചശേഷം പനാഹി പറഞ്ഞു.’നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം, നമ്മൾ ഏതുതരം വസ്ത്രം ധരിക്കണമെന്നോ, എന്തുചെയ്യണമെന്നോ ചെയ്യരുതെന്നോ ആരും നമ്മളോട് പറയരുത്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ചിത്രത്തിനുള്ള അവാർഡ് ‘ദ പ്രസിഡൻ്റ്സ് കേക്ക്’ എന്ന ഇറാഖി സിനിമയിലൂടെ ഹസൻ ഹാഡി സ്വന്തമാക്കി. കാനിൽ അവാർഡ് നേടുന്ന ആദ്യ ഇറാഖി സിനിമയാണിത്. ജൂലിയറ്റ് ബിനോഷ് അധ്യക്ഷയായ ജൂറിയിൽ പായൽ കപാഡിയയും അംഗമായിരുന്നു.